തിരുവനന്തപുരം: ഈ മാസം 14മുതൽ നാലുദിവസത്തേക്ക് നേരത്തേ എടുത്തിരുന്ന അവധി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പിൻവലിക്കാൻ കാരണം ഫയലുകൾ ചോരുമോയെന്ന പേടി കാരണം. സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായ അജിത്കുമാറിന്റെ ഓഫീസിൽ പല നിർണായക വിവരങ്ങളുമടങ്ങിയ ഫയലുകളും രേഖകളുമുണ്ട്.
ഡിജിറ്റൽ രൂപത്തിലുമുണ്ട്. അജിത്ത് അവധിയിൽ പ്രവേശിക്കുന്നതോടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേശിന് പകരം ചുമതല നൽകാനായിരുന്നു ധാരണ. എന്നാൽ വെങ്കിടേശ് ആ സ്ഥാനത്ത് എത്തുന്നതോടെ, ഫയലുകളും രേഖകളും മുതിർന്ന ഉദ്യോഗസ്ഥനു കൂടി ലഭ്യമാവുന്ന സ്ഥിതിയുണ്ടാവും.

ഇപ്പോഴത്തെ സ്ഥിതിയിൽ വിവരങ്ങൾ മറ്റൊരാൾക്ക് കിട്ടുന്നത് അപകടകരമായ സ്ഥിതിയാവുമെന്ന് എ.ഡി.ജി.പിയും സർക്കാരും കണക്കുകൂട്ടുന്നു.  ഈ സാഹചര്യത്തിൽ സർക്കാരിന്റെ കൂടി അറിവോടെയാണ് എ.ഡി.ജി.പി അവധി അപേക്ഷ റദ്ദാക്കിയതെന്നാണ് അറിയുന്നത്.

 ഇന്ന് ഉച്ചകഴിഞ്ഞ് എൽ.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് എ.ഡി.ജി.പി അവധി അപേക്ഷ പിൻവലിച്ചത്. സ്വകാര്യ ആവശ്യത്തിനായിരുന്നു എ.ഡി.ജി.പി നാലുദിവസം അവധിക്ക് അപേക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ വിവാദങ്ങൾ ഉയരുന്നതിന് മുൻപായിരുന്നു അപേക്ഷ നൽകിയിരുന്നത്.
ഡി.ജി.പിയെപ്പോലും ഡെമ്മിയാക്കി പൊലീസ് ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സ്വന്തം ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളും നടത്തിയ ഇടപാടുകളുടെ വിവരങ്ങളുമൊക്കെ സർക്കാരിനെപ്പോലും ഭയപ്പെടുത്തുന്നതാണ്. 
അതിനാലാണ് അവധി അപേക്ഷ റദ്ദാക്കി ഓഫീസിൽ തുടരാൻ എ.ഡി.ജി.പിയോട് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. അജിത്തിനെതിരായ ആരോപണങ്ങൾ ഡി.ജി.പി റാങ്കുള്ള ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ അന്വേഷിക്കാനും ആരോപണങ്ങളിൽ വസ്തുത കണ്ടെത്തിയാൽ കേസെടുക്കാനുമായിരുന്നു ആദ്യ ധാരണ.

ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കാനും അജിത്തിനെ ജയിൽ മേധാവിയാക്കി, അവിടെനിന്ന് ബൽറാംകുമാർ ഉപാദ്ധ്യായയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും ഏകദേശ ധാരണയുമായിരുന്നു.

ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഇതിനുള്ള ശുപാർശ മുഖ്യമന്ത്രിക്ക് എഴുതി നൽകുകയും ചെയ്തിരുന്നതാണ്. പക്ഷേ, മുഖ്യമന്ത്രി ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് ഡി.ജി.പി.യുടെ മേൽനോട്ടത്തിൽ അജിത്തിന്റെ കീഴുദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അന്വേഷണ സംഘമുണ്ടാക്കിയത്. ഈ സംഘത്തിനാവട്ടെ അന്വേഷണം ഒരിഞ്ച് മുന്നോട്ട് നീക്കാനാവാത്ത സ്ഥിതിയാണ്.
ആരോപണമുന്നയിച്ച പി.വി.അൻവർ എം.എൽ.എയുടെ മൊഴിയെടുത്തു എന്നതിനപ്പുറം ഒരു അന്വേഷണവുമില്ല. എ.ഡി.ജി.പിയെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ഡി.ജി.പി നേരിട്ട് മൊഴിയെടുക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതുമുണ്ടായില്ല. ചുരുക്കത്തിൽ അജിത്തിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി ആരോപണങ്ങളിലെല്ലാം ക്ലീൻ ചിറ്റ് നൽകുകയാവും ചെയ്യുക.

പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച സ്വർണക്കടത്ത്, ആളെക്കൊല്ലിക്കൽ, അധോലോക ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനാൽ, അന്വേഷണ വിധേയമായി ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്തിനെ ഒഴിവാക്കണമെന്ന് നാലു തവണയാണ് ഡിജിപി ആവശ്യപ്പെട്ടത്.

 എന്നാൽ തിടുക്കത്തിൽ നടപടി വേണ്ടെന്നും അന്വേഷണ റിപ്പോർട്ട് വന്നിട്ടാവാം നടപടിയെടുക്കന്നതെന്നുമാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.  സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾ നേരിടുന്ന പത്തനംതിട്ട എസ്.പി സുജിത്ത്ദാസിനെ സസ്പെൻഡ് ചെയ്തെങ്കിലും സമാനമായ ആരോപണങ്ങൾ നേരിട്ട അജിത്തിനെ സർക്കാർ സംരക്ഷിച്ചു.
സ്വർണക്കടത്ത് അടക്കം ഗുരുതരആരോപണങ്ങൾ അന്വേഷിക്കുമ്പോൾ വിപുലമായ അധികാരമുള്ള ക്രമസമാധാനചുമതലയിൽ അജിത്ത് തുടരുന്നതിനെ സി.പി.എമ്മും സി.പി.ഐ അടക്കം ഘടകകക്ഷികളും എതിർത്തെങ്കിലും മുഖ്യമന്ത്രിക്ക് കുലുക്കമില്ല.
കരിപ്പൂർ വഴി കടത്തുന്ന സ്വർണം തട്ടിയെടുക്കൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളെക്കൊല്ലിക്കൽ, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണക്കടത്തുകാരുമായുള്ള ബന്ധുക്കളുടെ ചങ്ങാത്തം, കോഴിക്കോട്ടെ ബിസിനസുകാരന്റെ ദുരൂഹമായ തിരോധാനം, മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചത്, കൈക്കൂലി ആരോപണങ്ങളടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയാണ്.

ആരോപണ വിധേയനായ അജിത്ത് അതിശക്തമായ അധികാരങ്ങളുള്ള ക്രമസമാധാന ചുമതലയിൽ തുടരുമ്പോൾ വിവരങ്ങളും മൊഴികളും നൽകാൻ ആരും ധൈര്യപ്പെടില്ല. ക്രമസമാധാന ചുമതല ഒഴിവാക്കിയാൽ അജിത്തിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉണ്ടായേക്കാമെന്ന് സർക്കാരും ഭയക്കുന്നു.

 മാത്രമല്ല, അജിത്തിനെ നീക്കിയാൽ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതിന് തുല്യമാവുമെന്നും സർക്കാർ വിലയിരുത്തുന്നു. അജിത്തിനെ ചുമതലയിൽ നിന്നൊഴിവാക്കിയാൽ അടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നീക്കണമെന്ന ആവശ്യം ശക്തിപ്പെടും. ഇത് ഒഴിവാക്കാനാണ് അജിത്തിനെതിരായ ആരോപണം തിടുക്കത്തിൽ കൈക്കൊള്ളാതെ സർക്കാർ സംരക്ഷണ കവചമൊരുക്കുന്നതെന്നാണ് സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *