തിരുവനന്തപുരം: ഇരുപത്തിയാറ് വയസുള്ള പരാതിക്കാരിയോട് മോശമായി പെരുമാറിയ പാലക്കാട് സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി എം.വി.മണികണ്‌ഠനെ സർക്കാർ സസ്പെൻഡ് ചെയ്തു. പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.
പരാതിയുമായി ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ യുവതിയെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശമില്ലാതെ മണികണ്ഠൻ വിളിപ്പിച്ച് പരാതികേട്ടു. അനാവശ്യമായി യുവതിയോട് ഇടപെട്ട ഡിവൈ.എസ്.പി, തന്റെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്ത ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ ഇതിന് ദൃക്സാക്ഷികളായിരുന്നു. സിസിടിവി ക്യാമറാ ദൃശ്യങ്ങളുമുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമല്ലാതെ, ജില്ലാ പൊലീസ് ഓഫീസിലെ വനിതാ ജീവനക്കാരെ ഡിവൈ.എസ്.പി അനാവശ്യമായി ജോലിസ്ഥലത്തെത്തി പതിവായി കാണാറുണ്ട്. 2016ൽ പീഡനക്കേസിലെ ഇരയോട് അപമര്യാദയായി പെരുമാറിയതിന് ഡിവൈ.എസ്.പി സസ്പെൻഷനിലായിരുന്നു.
സ്ത്രീകളോട് പതിവായി മോശമായി പെരുമാറുന്ന സ്വഭാവമുണ്ട്. മലപ്പുറത്ത് എസ്.ഐയായിരിക്കെ, വനിതാ പൊലീസിനോട് മോശമായി പെരുമാറിയതായും ക്രിമിനലിനോട് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു.
ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഇത്തരത്തിലെ മോശമായ പെരുമാറ്റം സേനയുടെ അന്തസ് ഇടിക്കുന്നതാണ്. ഗുരുതരമായ പെരുമാറ്റദൂഷ്യവുമാണിത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മണികണ്ഠനെതിരേ അച്ചടക്ക നടപടിക്ക് ഡിജിപി ശുപാർശ ചെയ്തത്.
ഡിവൈ.എസ്.പി ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്ക ലംഘനവും നടത്തിയതായി ആഭ്യന്തര വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്ത് അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.