തിരുവനന്തപുരം: സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, കൂട്ടബലാത്സംഗം അടക്കം ആരോപണങ്ങൾ നേരിടുന്ന മലപ്പുറത്തെ പൊലീസിൽ വൻ അഴിച്ചുപണിക്ക് തുടക്കമിട്ട് സർക്കാർ. പൊലീസ് മേധാവി എസ്.ശശിധരനെയടക്കം ഉടൻ മാറ്റും. ശശിധരനെ വിജിലൻസിലേക്കാവും മാറ്റുക. ഉത്തരവ് രാത്രിയോടെ പുറത്തിറങ്ങും.
മലപ്പുറത്തെ 8 ഡെപ്യൂട്ടി സൂപ്രണ്ടുമാരെ ഇന്നലെ സ്ഥലംമാറ്റി. മുട്ടിൽ മരംമുറിക്കേസ് അന്വേഷിക്കുന്ന താനൂർ ഡിവൈ.എസ്.പി വി.വി ബെന്നിയെയും മാറ്റിയിട്ടുണ്ട്. ബെന്നിക്കെതിരേ വീട്ടമ്മയുടെ ബലാത്സംഗ പരാതിയും ഉയർന്നിരുന്നു. ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന് പി.വി.അൻവർ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്.
മലപ്പുറം ജില്ലാ സ്പെഷ്യൽബ്രാഞ്ചിലെ പി.അബ്ദുൾ ബഷീറിനെ തൃശൂർ റൂറൽ സ്പെഷ്യൽബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം ഡിവൈ.എസ്.പി എ.പ്രേംജിത്തിനെ തൃശൂർ എസ്.എസ്.ബിയിലേക്കും പെരിന്തൽമണ്ണ ഡിവൈ.എസ്.പി സജു കെ എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടി ഡിവൈ.എസ്.പി പി.ഷിബുവിനെ തൃശൂർ വിജിലൻസിലേക്കും മാറ്റി.
നിലമ്പൂർ ഡിവൈ.എസ്.പി പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ സി-ബ്രാഞ്ചിലേക്കും മലപ്പുറം എസ്.എസ്.ബി ഡിവൈ.എസ്.പി മൂസ വള്ളക്കാടനെ പാലക്കാട് എസ്.എസ്.ബിയിലേക്കും മാറ്റി.
പാലക്കാട് എസ്.എസ്.ബിയിലെ കെ.എം. പ്രവീൺകുമാറിനെ മലപ്പുറം ജില്ലാ എസ്.ബിയിലും ഗുരുവായൂർ ഡിവൈ.എസ്.പി ടി.എസ് സിനോജിനെ മലപ്പുറത്തും തൃശൂർ റൂറൽ എസ്.ബിയിൽ നിന്ന് ടി.കെ.ഷൈജുവിനെ പെരിന്തൽമണ്ണയിലും നിയമിച്ചു.
തൃശൂർ എസ്.എസ്.ബി ഡിവൈ.എസ്.പി ഇ.ബാലകൃഷ്ണനെ തിരൂരിലും തൃശൂർ വിജിലൻസിലെ കെ.സി സേതുവിനെ കൊണ്ടോട്ടിയിലും കോഴിക്കോട് റൂറൽ സി-ബ്രാഞ്ചിലെ ജി.ബാലചന്ദ്രനെ നിലമ്പൂരിലും കൊച്ചി ട്രാഫിക്കിലെ പയസ് ജോർജ്ജിനെ താനൂരിലും പാലക്കാട് ക്രൈംബ്രാഞ്ചിലെ എം.യു ബാലകൃഷ്ണനെ മലപ്പുറം എസ്.എസ്.ബിയിലും നിയമിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *