ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി വയോജന സംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഇടമറ്റം സെന്റ് മൈക്കിൾ പാരിഷ് ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരും പരിഗണിക്കപ്പെടേണ്ട വിഭാഗവും വയോജനങ്ങളാണെന്നും അവർക്കു വേണ്ടി നിരവധി പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പുന്നൂസ് പോൾ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആൻ്റണി ജോസ്, റിസോഴ്സ് പേഴ്സൺ ജസ്റ്റിൻ ജിയോ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾ നടന്നു. ക്യാമ്പിൻ്റെ ഭാഗമായി മാനസികോല്ലാസ പരിപാടികൾ, പ്രാഥമിക പരിശോധനകൾ, സൗജന്യ മരുന്നു വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. മെമ്പർമാരായ ബിജു റ്റി.ബി, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ദീപ മാത്യു, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ഹരിപ്രിയ തുടങ്ങിയവർ സംസാരിച്ചു.