കൊല്‍ക്കത്ത: മകളുടെ ദാരുണ മരണത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അവകാശവാദത്തെ തള്ളി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മ രംഗത്ത്.
നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ കള്ളം പറയുകയാണെന്ന് കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ അമ്മ ആരോപിച്ചു.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അവര്‍ നിഷേധിച്ചു.
മുഖ്യമന്ത്രി കള്ളം പറയുകയാണ്. എന്റെ മകള്‍ ഇനി തിരിച്ചു വരില്ല. അവളുടെ പേരില്‍ ഞാന്‍ കള്ളം പറയുമോ? പണം നല്‍കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മകളുടെ സ്മരണയ്ക്കായി എന്തെങ്കിലും ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്റെ മകള്‍ക്ക് നീതി ലഭിച്ചാല്‍ മാത്രം ആ പണം വാങ്ങാന്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുമെന്ന് ഞാനും പ്രതികരിച്ചു, ഇരയുടെ അമ്മ എഎന്‍ഐയോട് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബത്തിന് പണമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു യുവതിയുടെ അമ്മയുടെ പ്രതികരണം.