ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കുക്കി വിഭാഗക്കാരായ ഒരു വിമുക്ത സൈനികനും സ്ത്രീയും കൂടി കൊല്ലപ്പെട്ടു. നെയ്ജാഹോയ് ലുങ്ഡിം എന്ന സ്ത്രീയും ആര്‍മിയുടെ അസം റെജിമെന്റിലെ മുന്‍ ഹവില്‍ദാര്‍ ആയിരുന്ന ലിംഖോലാല്‍ മേറ്റുമാണ് കൊല്ലപ്പെട്ടത്. ഇരുവരും കാങ്പോപി ജില്ലയില്‍ നിന്നുള്ളവരായിരുന്നു.
ബോംബ് സ്‌ഫോടനത്തിലേറ്റ മുറിവുകളോടെ ലുങ്ഡിമിന്റെ മൃതദേഹം കാങ്പോക്പി താങ്ബുഹ് ഗ്രാമത്തിലെ ഒരു പള്ളിക്ക് മുന്നിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഗ്രാമത്തിനടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെ അക്രമികള്‍ നടത്തിയ ആക്രമണത്തിലാകാം ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സംശയം.
മേറ്റിന്റെ മൃതദേഹത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുക്കി- മെയ്‌തേയി സംഘര്‍ഷബാധിത പ്രദേശത്ത് ഇയാള്‍ എത്തിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.