ഡല്‍ഹി: കൊറോണയ്ക്ക് പിന്നാലെ ഇപ്പോള്‍ കുരങ്ങുപനിയും അപകടമണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധരും ജാഗ്രതയിലാണ്. 
ഇനി ഉയരുന്ന ചോദ്യം ഈ കുരങ്ങുപനി എത്ര വലിയ ഭീഷണിയാണ്, അതിനെ പേടിക്കേണ്ട ആവശ്യമുണ്ടോ, കൊറോണ പോലെ ഇതൊരു പകര്‍ച്ചവ്യാധിയുടെ രൂപമാകുമോ എന്നതാണ് .
പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം മങ്കിപോക്‌സ് വൈറസ് ഒരു പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. 
ഡല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹര്‍ഷല്‍ ആര്‍ സാല്‍വെയുടെ അഭിപ്രായത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല.
മങ്കിപോക്‌സില്‍ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്നതാണെന്ന് ഞാന്‍ സമ്മതിക്കുന്നു, എന്നാല്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ അണുബാധ ഉണ്ടാകു. അതിനാല്‍ കുരങ്ങുപനി വ്യാപകമായ പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
എംപോക്‌സ് ഒരു വൈറല്‍ രോഗമാണ്. പനിയുടെ കൂടെ ശരീരത്തില്‍ ചുണങ്ങു പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. ഇത് സ്വയം സുഖപ്പെടുന്ന രോഗമാണെന്നും നാലാഴ്ചയ്ക്കുള്ളില്‍ രോഗികള്‍ സുഖം പ്രാപിക്കുമെന്നും ഡോ. സാല്‍വെ പറഞ്ഞു.
രാജ്യത്ത് എംപോക്സ് കേസ് സ്ഥിരീകരിച്ചതോടെ എല്ലാവരും ആശങ്കാകുലരാണ്, എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രശസ്ത എച്ച്‌ഐവി വിദഗ്ധന്‍ ഡോ. ഈശ്വര്‍ ഗിലഡ പറഞ്ഞു. 
ലൈംഗിക ബന്ധത്തിലൂടെയോ ഏതെങ്കിലും ആന്തരിക ശാരീരിക സമ്പര്‍ക്കത്തിലൂടെയോ മാത്രമേ അണുബാധ പടരുകയുള്ളൂ എന്നതിനാല്‍ ഇത് കോവിഡ് -19 പോലെ വലിയ പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മാത്രമല്ല, താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയും സഹായിക്കാന്‍ കഴിയുന്ന എംപോക്‌സ് വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും ഡോ. ഗിലഡ ആവശ്യപ്പെട്ടു. വസൂരി വാക്‌സിനേഷന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *