കോട്ടയം: പ്രതീക്ഷകള്‍ വാനോളം കുതിച്ചു പൊങ്ങിയ റബറിന് ഇതു നിരാശയുടെ ഓണം. വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി അധിക ദിവസം കഴിയും മുന്‍പു വില കൂപ്പു കുത്തുകയായിരിന്നു.
ഇതോടെ ഉയര്‍ന്ന വില കണ്ടു ടാപ്പിങ് ഇല്ലാതെ കിടന്ന തോട്ടങ്ങളില്‍ ടാപ്പിങ് പുനരാരംഭിച്ചവരും ക്ഷാമം നേരിട്ടിട്ടും റോളിങ് യന്ത്രം വാങ്ങിവെച്ചവരുമെല്ലാം നിരാശയിലാണ്. ഇപ്പോഴും വില 200 ന് താഴെ പോയിട്ടില്ലെന്ന താല്‍ക്കാലിക ആവശ്വാസം മാത്രമാണു കര്‍ഷകര്‍ക്കുള്ളത്.
ഒരു മാസം മുമ്പ് റബര്‍വില 250 രൂപയായിരുന്നു. 257 രൂപയ്ക്കു കച്ചവടം നടന്ന സ്ഥലങ്ങളുമുണ്ട്. റെക്കോര്‍ഡിലെത്തിയ ശേഷം വില പിന്നീട് ഇടിയുന്നതാണ് കണ്ടത്. ഒരു മാസത്തിനിടെ 25 രൂപയോളം കുറവാണ് റബര്‍വിലയില്‍ ഉണ്ടായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം റബര്‍വില റെക്കോഡ് മറികടന്നതോടെ ടാപ്പിംഗ് നിലച്ചിരുന്ന വലിയ തോട്ടങ്ങള്‍ പലതും സജീവമായിരുന്നു. ഇതോടെ റബര്‍ ടാപ്പിങ് അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്. വില ഇടിയുന്ന സാഹചര്യത്തില്‍ വീണ്ടും കാര്യങ്ങള്‍ പഴയപടി ആകുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
ഒരാഴ്ച്ചയ്ക്കിടെ ആഭ്യന്തര വിപണിയില്‍ 10 രൂപയ്ക്കടുത്താണ് വല കുറഞ്ഞത്. റബര്‍ബോര്‍ഡിന്റെ വില ആർ.എസ്.എസ് 4 ന് 229 യും ആർ.എസ്.എസ് 5 ന് 226 രൂപയും ഉണ്ടെങ്കിലും ചെറുകിട വ്യാപാരികള്‍ ചരക്കെടുക്കുന്നത് ഇതിലും വില കുറച്ചാണ്.
വില ഇനിയും ഇടിഞ്ഞേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും. സ്റ്റോക്ക് കാര്യമായി പിടിച്ചുവയ്ക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നില്ല. തായ്ലന്‍ഡ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴമൂലം ഉത്പാദനം കുറഞ്ഞ അവസ്ഥയിലാണെങ്കിലും വിലയിടിയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
ഇറക്കുമതി വന്‍ തോതില്‍ വര്‍ധിച്ചതാണ് റബറിന് വില ഇടിയാന്‍ കാരണം. കണ്ടെയ്നര്‍ ലഭ്യത കുറഞ്ഞതു മൂലമായിരുന്നു ഇറക്കുമതി നിലച്ചത്. എന്നാല്‍ പ്രതിസന്ധി മാറിയതോടെ ആവശ്യാനുസരണം റബര്‍ ഇറക്കുമതി നടത്താന്‍ ടയര്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്.
ആഭ്യന്തര വില അതിവേഗം കയറിപോകുന്നത് നിയന്ത്രിക്കാനും ഇതുവഴി ടയര്‍ നിര്‍മാതാക്കള്‍ക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ടയര്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കിയും റബര്‍ വിപണിയില്‍ നിന്നു വിട്ടു നിന്നും വില കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു.