ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്! താരങ്ങള്‍ക്ക് ആവേശോജ്വല സ്വീകരണം

കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ് ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് ആരാധകര്‍ വന്പന്‍ സ്വീകരണമാണ് ഒരുക്കിയത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്. പ്രീ സീസണ്‍ ഒരുക്കങ്ങള്‍ക്ക് ശേഷം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാധകര്‍ കാത്തുവച്ചത് ആവേശോജ്വല സ്വീകരണം. കേരളത്തനിമയില്‍ മുണ്ടുടുത്താണ് താരങ്ങളും പരിശീലകരുമെത്തിയത്. 

ഇനിയുള്ള പോരാട്ട നാളുകളുടെ പ്രതീക്ഷആരാധകരുമായി പങ്കുവച്ചു. കൊച്ചി ലുലു മാളിലായിരുന്നു ചടങ്ങ്. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്‌നേഹവും നേരിട്ട് കാണുന്നത് സന്തോഷമെന്ന് കോച്ച് മൈക്കിള്‍ സ്‌ററാറേ. വരും ദിവസങ്ങളിലും ഈ ആവേശവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവോണ നാളില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്പാനിഷ് താരം ജീസസ് ജിമെനെസ്, നോഹ സൗദൗയി എന്നിവരുടെ മുന്നേറ്റങ്ങളിലാണ് മഞ്ഞപ്പടയുടെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

സിറിയക്കെതിരെ ഇന്ത്യക്ക് തോല്‍വി

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് കൈവിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. നിര്‍ണായക മത്സരത്തില്‍ സിറിയ ആതിഥേയരായ ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് കിരീടം ഉറപ്പിച്ചു. മഹ്മൂദുല്‍ അസ്വദ്, ദലേഹോ ഇറാന്‍ഡസ്റ്റ്, പാബ്ലോ സബ്ബാഗ് എന്നിവരാണ് സിറിയക്കായി വലകുലുക്കിയത്. ആദ്യ മത്സരത്തില്‍ മൗറീഷ്യസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത സിറിയക്ക് കിരീടത്തിനായി സമനില മതിയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ മൗറീഷ്യസ് സമനിലയിലും തളച്ചു. പന്തടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2023ല്‍ ലെബനനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.

 

By admin