കോട്ടയം: നഗരസഭയിലെ രണ്ടരക്കോടിയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ്, പ്രതി കൊല്ലം സ്വദേശി അഖിൽ സി . വർഗീസിനെ പിടികൂടാനാകാതെ അന്വേഷണ സംഘം. ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
വ്യക്തമായ സൂചനകൾ ഒന്നും ലഭിക്കാതെ പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ് ക്രൈം ബ്രാഞ്ച്. ഒരു ഘട്ടത്തില്‍ പ്രതി തമിഴ്‌നാട്ടിലുള്ളതായി വ്യക്തമായ സൂചന ലഭിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘമെത്തിയപ്പോഴേയ്ക്കും ഇയാള്‍ മുങ്ങി. പിന്നീട് ഒരു വിവരവും പ്രതിയെക്കുറിച്ചില്ല.
അതേ സമയം നഗരസഭയില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന സംശയവും ബലപ്പെടുന്നു. സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭ്യമായത്. മൂന്നുവര്‍ഷം മുമ്പ് മരിച്ചുപോയ ആളുടെ അക്കൗണ്ടിലേക്കു പെന്‍ഷന്‍ നല്‍കുന്നതടക്കം നിരവധി ക്രമക്കേടുകള്‍ ഈ സംഘം കണ്ടെത്തിയിരുന്നു.
13,000ത്തോളം രൂപയാണ് ഈ അക്കൗണ്ടിലേക്ക് സര്‍വിസ് പെന്‍ഷനായി ഒരു മാസം വകയിരുത്തിയിരുന്നത്. സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30 മുതല്‍ നഗരസഭയില്‍ പരിശോധന തുടരുകയാണ്.
ഇതിനിടെ നഗരസഭയിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാന്‍ സ്‌റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സംഘവും എത്തുന്നുണ്ട്. ഇന്നു മുതല്‍ ഇവരുടെ പരിശോധന തുടങ്ങും. നിലവില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡെപ്യൂട്ടി സെക്രട്ടറി, അക്കൗണ്ട്‌സ് വിഭാഗം സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക്, പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരി എന്നിവര്‍ സസ്‌പെന്‍ഷനിലാണ്.