ഡല്‍ഹി: കാണ്‍പൂരിന് പിന്നാലെ രാജസ്ഥാനിലെ അജ്മീറിലും ട്രെയിന്‍ പാളം തെറ്റിക്കാനുള്ള വന്ഡ ഗൂഢാലോചന പരാജയപ്പെട്ടു.
അജ്മീറിലെ ശാരദ്ന, ബംഗാര്‍ ഗ്രാം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടങ്ങളില്‍ 70 കിലോ ഭാരമുള്ള സിമന്റ് കട്ടകള്‍ ട്രാക്കില്‍ സ്ഥാപിച്ച നിലയില്‍ കണ്ടെത്തി.
കട്ടകള്‍ തകര്‍ത്ത് അപകടമൊന്നും കൂടാതെ ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു. രാജസ്ഥാനില്‍ ഇത് മൂന്നാം തവണയാണ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ഗൂഢാലോചന നടക്കുന്നത്.
ഞായറാഴ്ച രാത്രി ഗുഡ്സ് ട്രെയിന്‍ ഫുലേരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ മംഗ്ലിയവാസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ (ഡിഎഫ്‌സിസി) ജീവനക്കാരായ രവി ബുണ്ടേല, വിശ്വജിത് ദാസ് എന്നിവരാണ് പരാതി നല്‍കിയത്.
സെപ്തംബര്‍ എട്ടിന് രാത്രി 10.36നാണ് ട്രാക്കില്‍ സിമന്റ് കട്ട സ്ഥാപിച്ചതായി വിവരം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോള്‍ ഇവ ട്രെയിന്‍ തട്ടി തകര്‍ന്ന് വീണതായി കണ്ടെത്തി. നിലവില്‍ അജ്ഞാതനായ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.