ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കാണ്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് കാളിന്ദി എക്സ്പ്രസ് അപകടത്തില്‍പ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നത്. ബരാജ്പൂര്‍ സ്റ്റേഷനു മുന്നിലെ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
ഇതിനുപുറമെ പെട്രോള്‍ ബോംബുകളും വെടിമരുന്നും സമീപത്ത് സൂക്ഷിച്ചിരുന്നു. ട്രെയിന്‍ തട്ടി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ ബോംബുകള്‍ പൊട്ടി ബോഗികള്‍ തകര്‍ക്കുകയും ഇതിലൂടെ വന്‍തോതില്‍ ജീവഹാനി ഉണ്ടാക്കുകയുമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്.
ഗൂഢാലോചനയ്ക്ക് പിന്നില്‍ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്‍ഐഎയുടെയും എടിഎസിന്റെയും അഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചു.
ട്രെയിനിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ ട്രാക്കില്‍ നിന്ന് തെറിച്ചു വീണത് മൂലമാണ് ദുരന്തം ഒഴിവായത്. കാസ്ഗഞ്ച്-അന്‍വര്‍ഗഞ്ച് എക്‌സ്പ്രസും തൊട്ടുപിന്നാലെ ഇതുവഴി കടന്നുപോയിരുന്നു.
ഫോറന്‍സിക് സംഘത്തിന്റെ ഉള്‍പ്പടെ പരിശോധന തുടരുകയാണെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്) ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എല്‍പിജി സിലിണ്ടര്‍ ട്രാക്കില്‍ വച്ചിരിക്കുന്നത് ലോക്കോ പൈലറ്റ് കണുകയും തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദ്ര പറഞ്ഞു. എന്നാല്‍ ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പ് സിലിണ്ടറില്‍ ഇടിക്കുകയും സിലിണ്ടര്‍ ട്രാക്കില്‍ നിന്ന് നീങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്ത് 20 മിനിറ്റോളം പിടിച്ചിട്ട ട്രെയിന്‍ കൂടുതല്‍ അന്വേഷണത്തിനായി ബില്‍ഹൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.