ഇനിയൊരിക്കലും ഇവിടേക്ക് വരില്ല; നോയ്ഡ ക്രിക്കറ്റ് സ്റ്റേഡിയത്തിത്തിലെ സൗകര്യങ്ങളിൽ അതൃപ്തിയുമായി അഫ്ഗാൻ ടീം

നോയ്ഡ: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ രണ്ടാം വീടാണ് ഇന്ത്യ. ഐപിഎല്ലിലും മറ്റും കളിക്കാനെത്തുമ്പോള്‍ ഇന്ത്യയോടുള്ള സ്നേഹം ക്യാപ്റ്റൻ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാന്‍ താരങ്ങള്‍ മറച്ചുവെക്കാറുമില്ല. സമീപകാലത്ത് അഫ്ഗാനിസ്ഥാന്‍റെ ഹോം മത്സരങ്ങള്‍ക്ക് വേദിയൊരുക്കി സഹായിക്കുന്നതും ഇന്ത്യ തന്നെയാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഏക ടെസ്റ്റിന് ബിസിസിഐ അഫ്ഗാനിസ്ഥാന് വേദിയായി അനുവദിച്ച നോയ്ഡ ക്രിക്കറ്റ് ഗ്രൗണ്ടിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. കനത്തമഴയും നനഞ്ഞു കുതിര്‍ന്ന ഔട്ട് ഫീല്‍ഡും മൂലം ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിവസവും കളി നടന്നില്ല എന്നതു മാത്രമല്ല, ശരിയായി ഒരു പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ പോലും അഫ്ഗാനിസ്ഥാന്‍റെയും ന്യൂസിലന്‍ഡിന്‍റെയും താരങ്ങള്‍ക്കായിട്ടില്ല.     

ഗ്രേയ്റ്റര്‍ നോയ്ഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേഡിയത്തില്‍ മഴ പെയ്താല്‍ വെള്ളം ഒഴുക്കി കളയാനുള്ള യാതൊരു സജ്ജീകരണങ്ങളുമില്ല. 2016ല്‍ ദുലീപ് ട്രോഫിയിലെ പിങ്ക് ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള നോയ്ഡയിലെ ഗ്രൗണ്ട് 2017നുശേഷം ബിസിസിഐ മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറില്ല. അതിന് കാരണമായത് 2017ല്‍ കോര്‍പറേറ്റ് മത്സരങ്ങള്‍ക്ക് വേദിയായപ്പോള്‍ സംഭവിച്ച ഒത്തുകളി ആരോപണമാണ്. അങ്ങനെ ആര്‍ക്കും വേണ്ടാത്ത ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന് വേദിയായി അനുവദിച്ചതെന്ന ആക്ഷേപമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.

ടെസ്റ്റില്‍ അവന്‍ എക്കാലത്തെയും മികച്ചവരില്‍ ഒരാളാവും, ഇന്ത്യൻ താരത്തെക്കുറിച്ച് സൗരവ് ഗാംഗുലി

എന്നാല്‍ മുന്‍ കാലങ്ങളിലും അഫ്ഗാന്‍രെ ഹോം ഗ്രൗണ്ടായിട്ടുള്ള നോയ്ഡ സ്റ്റേഡിയം അധികൃതരും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുളള ആശയവിനിമയത്തിലെ പ്രശ്നമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ബിസിസഐയുടെ അനൗദ്യോഗിക നിലപാട്. പരമ്പരക്ക് എത്തും മുമ്പേ സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങളെക്കുറിച്ച് തിരക്കുകയും സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തെങ്കിലും പരിശീലനം പോലും നടത്താനാവാതെ ഇരിക്കേണ്ടിവരുന്നത് നിരാശാജനകമാണെന്ന് അഫ്ഗാന്‍ ടീം പ്രതിനിധി പറഞ്ഞു.

മഴ പെയ്താല്‍ ഔട്ട് ഫീല്‍ഡിലെ വെള്ളം ഒപ്പിയെടുക്കാനുള്ള സൂപ്പര്‍ സോപ്പറോ മറ്റ് സംവിധാനങ്ങളോ സ്റ്റേഡിയത്തിലില്ല. കഴിഞ്ഞ തവണ വന്നതില്‍ നിന്ന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇനി ഈ ഗ്രൗണ്ടില്‍ ഹോം മത്സരങ്ങള്‍ക്കായി വരില്ലെന്നും അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലെങ്കിലും രാജ്യാന്തര ടെസ്റ്റ് മത്സരമായതിനാല്‍ അതിന്‍റെ പ്രാധാന്യമെങ്കിലും മത്സരത്തിന് കൊടുക്കണമെന്നും അഫ്ഗാന്‍ ടീം ആവശ്യപ്പെടുന്നു. ബിസിസിഐക്ക് കീഴില്‍ ഇന്ത്യയില്‍ നിരവധി സ്റ്റേഡിയങ്ങളുള്ളപ്പോഴാണ് ഇത്തരമൊരു സ്റ്റേഡിയം അഫ്ഗാന്‍റെ ഹോം ഗ്രൗണ്ടായി അനുവദിച്ചത് എന്നതാണ് വിരോധാഭാസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin