പട്ന: കുഞ്ഞ് കരഞ്ഞതിലുള്ള ദേഷ്യത്തില്‍ കൊടും ക്രൂരതയുമായി പിതാവ്. ബിഹാറിലെ ലാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊല്ലുകയായിരുന്നു.
സമസ്തിപൂര്‍ ജില്ലയിലെ റോസ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേവ് കുമാര്‍ എന്ന യുവാവാണ് ഒന്നര മാസം പ്രായമുള്ള മകള്‍ മുന്നി കുമാരിയെ നിലത്ത് എറിഞ്ഞ് കൊലപ്പെടുത്തിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരയുടെ കുടുംബം അപേക്ഷ നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റോസ്ര ഡിഎസ്പി സോണല്‍ കുമാരി പറഞ്ഞു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കലേശ്വര്‍ പാസ്വാന്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
രക്ഷാബന്ധന്‍ ദിനത്തില്‍ മകളും മരുമകനും തന്റെ വീട്ടില്‍ വന്നിരുന്നു എന്ന് കാലേശ്വര്‍ പാസ്വാന്‍ പറഞ്ഞു. അന്നുമുതല്‍ മകളും മരുമകന്‍ ദേവ് കുമാര്‍ പാസ്വാനും കാലേശ്വറിന്റെ വീട്ടിലായിരുന്നു താമസം.
ഭക്ഷണം കൊണ്ടുവരാന്‍ അമ്മ പോയപ്പോള്‍ ഒന്നര മാസം പ്രായമുള്ള പെണ്‍കുട്ടി കരയാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ദേഷ്യത്തില്‍ ദേവ് കുമാര്‍ പെണ്‍കുട്ടിയെ അടിച്ചുകൊല്ലുകയായിരുന്നു.