കുട്ടനാട്: സത്യന്റെ സത്യസന്ധതയിൽ റോഡിൽ നഷ്ടപ്പെട്ട ഒന്നര പവനുള്ള താലിമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. പച്ച ജംഗ്ഷനിലെ ബാർബർ ഷോപ്പ് ഉടമ ചെക്കിടിക്കാട് മാലിച്ചിറ സത്യനാണ് ഒന്നര പവൻ തൂക്കം വരുന്ന താലിമാല പച്ച ജംഗ്ഷനിൽ വെച്ച് കളഞ്ഞു കിട്ടിയത്. വെള്ളിയാഴ്ച രാത്രി കട അടച്ച ശേഷം ജംഗ്ഷനിലെ കുരിശ്ശടിയിൽ നേർച്ച ഇടാൻ എത്തിയപ്പോഴാണ് മാല കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
കളഞ്ഞു കിട്ടിയ താലിമാല ജംഗ്ഷനിൽ തുണിക്കട നടത്തുന്ന കുഞ്ഞുമോൻ കണ്ടത്തിപ്പറമ്പിൽ, ഇലക്ട്രിക് കടയുടമ ജോയപ്പൻ അരിപ്പുറം എന്നിവരെ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പച്ച ജംഗ്ഷനിൽ എത്തിയ യുവാവ് പരിസര പ്രദേശങ്ങളിൽ തിരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മാല ലഭിച്ച വിവരം അറിയിച്ചത്. മാല നഷ്ടപ്പെട്ട വിവരം അമ്പലപ്പുഴ, എടത്വ പൊലീസിൽ ഉടമകൾ അറിയിച്ചിരുന്നു.
ചക്കുളത്തുകാവ് സ്വദേശികളായ കുടുംബം അമ്പലപ്പുഴയിൽ നിന്ന് മടങ്ങും വഴി പച്ച എടിഎമ്മിൽ കയറിയിരുന്നു. ഇവിടെ വെച്ചാണ് മാല നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ താലിമാല സത്യനും സുഹൃത്തുക്കളും എടത്വ പോലീസ് സ്റ്റേഷനിൽ എത്തി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് കൈമാറി.