പട്ന: യുട്യൂബ് വീഡിയോ കണ്ട് വ്യാജ ഡോക്ടര്‍ പിത്താശയ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് പതിനഞ്ച് വയസുകാരന് ദാരുണാന്ത്യം. കൃഷ്ണ കുമാര്‍ എന്ന കുട്ടിയാണ് മരിച്ചത്. പിത്താശയ കല്ല് നീക്കം ചെയ്തതോടെ കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് വ്യാജ ഡോക്ടര്‍ ആംബുലന്‍സ് വിളിച്ച് പാട്നയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
എന്നാല്‍, പോകുംവഴി കുട്ടി മരിക്കുകയും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഡോക്ടറും സഹായികളും കടന്നുകളയുകയുമായിരുന്നു. സരണിലെ ഗണപതി ആശുപത്രിയിലാണ് സംഭവമുണ്ടായത്. പലതവണ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അല്പ സമയം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിലിന് ശമനമുണ്ടായി. എന്നാല്‍. കുട്ടിക്ക് ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍ അജിത്ത് പുരി പറഞ്ഞു. യുട്യൂബില്‍ വീഡിയോ കണ്ടാണ് ഡോക്ടര്‍ ഓപ്പറേഷന് നടത്തിയതെന്നും പിന്നാലെ മകന് മരിച്ചെന്നും പിതാവ് പറഞ്ഞു.
ഛര്‍ദ്ദി നിന്നപ്പോള്‍ പിതാവിനെ പറഞ്ഞുവിട്ടശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്തുകൊണ്ടാണ് വേദന വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. വൈകുന്നേരത്തോടെ കുട്ടിക്ക് ശ്വാസം ഇല്ലാതെയായി. സി.പി.ആര്. കൊടുത്താണ് ശ്വാസം വീണ്ടെടുത്തത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം പാട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.