ദുലീപ് ട്രോഫി: ഇന്ത്യ എയ്ക്ക് തോല്‍വി, ഗില്‍ നിരാശപ്പെടുത്തി! ഇന്ത്യ ബിയുടെ ജയം 76 റണ്‍സിന്

ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എയ്ക്ക് തോല്‍വി. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിത്തില്‍ 76 റണ്‍സിനായിരുന്നു ഇന്ത്യ ബിയുടെ ജയം. 275 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ എ 198ന് എല്ലാവരും പുറത്താവുകയായിരുന്നു. 57 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ യഷ് ദയാലാണ് ഇന്ത്യ എയെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ ബി 321, 184 & ഇന്ത്യ എ 231, 198.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (3) വിക്കറ്റ് ഇന്ത്യ എയ്ക്ക് നഷ്ടമായി. പിന്നാലെ പിന്നാലെ ശുഭ്മാന്‍ ഗില്‍ (21) – റിയാന്‍ പരാഗ് (31) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പരാഗിനെ പുറത്താക്കി ദയാല്‍ ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗില്ലും മടങ്ങി. നവ്ദീപ് സൈനിക്കായിരുന്നു വിക്കറ്റ്. പകരമെത്തിയ ധ്രുവ് ജുറല്‍ (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. തനുഷ് കൊടിയന്‍ (0), ശിവം ദുബെ (14), കുല്‍ദീപ് യാദവ് (14), ആകാശ് ദീപ് (43) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖലീല്‍ അഹമ്മദ് (4) പുറത്താവാതെ നിന്നു. 

ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലെത്തുമോ? മറുപടി നല്‍കി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

നേരത്തെ, ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്‌സ് 184ന് അവസാനിച്ചിരുന്നു. 61 റണ്‍സ് നേടിയ റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. അകാശ് ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആറിന് 150 എന്ന നിലയിലാണ് ഇന്ത്യ ബി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. ഇന്ന് സായ് കിഷോറിന്റെ (0) വിക്കറ്റാണ് ആദ്യം നഷ്ടമായത്.  പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ (9) മടങ്ങി. നവ്ദീപ് സൈനി (13), ദയാല്‍ (19) നിര്‍ണായക സംഭാവന നല്‍കി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. 

ആകാശിന് പുറമെ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ബി ഒന്നാം ഇന്നിംഗ്‌സില്‍ 321 റണ്‍സാണ് നേടിയത്. മുഷീര്‍ ഖാനാണ് (181) ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 231ന് പുറത്തായി.

By admin