തൂപ്പുജോലി, ശമ്പളം 15000 രൂപ, ബിടെക്കുകാരും അധ്യാപകരുമടക്കം അപേക്ഷിച്ചത് 1.66 ലക്ഷം പേർ
ദില്ലി: താൽക്കാലിക സ്വീപ്പർ ജോലിയിലേക്കായി ഹരിയാനയിൽ ഉന്നത ബിരുദധാരികളുടെ കൂട്ട അപേക്ഷ. 6,000-ത്തിലധികം ബിരുദാനന്തര ബിരുദധാരികളും 40,000-ത്തോളം ബിരുദധാരികളും ഉൾപ്പെടെ 1.66 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സിവിൽ ബോഡികൾ എന്നിവയിലേക്കാണ് സ്വീപ്പർമാരെ ക്ഷണിച്ചത്. പ്രതിമാസം 15,000 രൂപയാണ് ശമ്പളം. സംസ്ഥാന സർക്കാരിൻ്റെ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ഹരിയാന കൗശൽ റോസ്ഗർ നിഗം ലിമിറ്റഡ് (എച്ച്‌കെആർഎൻ) മുഖേനയാണ് ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 2 വരെ അപേക്ഷകൾ ലഭിച്ചത്.
Read More…. അഭിമാനം! കേന്ദ്ര സർക്കാർ പുരസ്കാരം വീണ്ടും കേരളത്തിന്; അമിത് ഷാ അവാർഡ് സമ്മാനിക്കും
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകരും ബിടെക് ബിരുദ ധാരികളുമടക്കം അപേക്ഷിച്ചിട്ടുണ്ട്. തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സർക്കാരിൻ്റെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിലവിലെ ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മ കൂടുതൽ ഗുരുതരമായെന്ന് കോൺഗ്രസ് പറഞ്ഞു. സുതാര്യതയില്ലായ്മ, അപര്യാപ്തമായ പ്രതിഫലം, തൊഴിൽ അരക്ഷിതാവസ്ഥ, വിവിധ വിഭാഗങ്ങൾക്കുള്ള സംവരണങ്ങളുടെ അഭാവം, റിക്രൂട്ട്‌മെൻ്റ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ വിമർശനങ്ങളും സർക്കാരിനെതിരെ ശക്തമാണ്.