തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയാവാനുള്ള സീനിയോറിറ്റിയിൽ നിലവിൽ ആറാം സ്ഥാനത്തുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ ഉപയോഗിച്ച് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി മൂന്നംഗ അന്തിമ പാനലിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് പയറ്റിയത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞാൽ രണ്ടാമനായ ദത്താത്രേയ ഹൊസബളെയെ തൃശൂരിൽ കണ്ടതിന് പിന്നിൽ ഡിജിപിക്കസേര ഉറപ്പിക്കാനുള്ള സമ്മർദ്ദമായിരുന്നുവെന്നാണ് പുറത്തുവരുന്ന നിഗമനങ്ങൾ.
30 വർഷം സർവീസുള്ളവരെയാണ് നേരത്തേ പോലീസ് മേധാവിയാവാൻ പരിഗണിച്ചിരുന്നത്. ഇവരുടെ അഭാവത്തിൽ 25 വർഷം സർവീസുള്ളവരെയും പരിഗണിക്കും. അങ്ങനെയാണ് അജിത്തിന് ഡിജിപി നിയമനത്തിനുള്ള സംസ്ഥാന പട്ടികയിൽ ഇടംപിടിക്കാൻ കഴിയുക. അതിനാൽ സർക്കാരിന്റെ ഇഷ്ടക്കാരനായ അജിത്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കുന്ന ശുപാർശാ പട്ടികയിൽ ഇടം പിടിക്കും.
പക്ഷേ, മൂന്നംഗ ചുരുക്കപ്പട്ടിക ഉണ്ടാക്കേണ്ടത് കേന്ദ്രമാണ്. അതാണ് സംസ്ഥാനത്തിന് അയയ്ക്കുന്നത്. അതിൽ നിന്ന് മാത്രമേ ഡിജിപിയെ തെരെഞ്ഞെടുക്കാൻ സംസ്ഥാനത്തിന് കഴിയൂ. ഈ പട്ടികയിൽ കയറി കൂടിയാൽ മാത്രമേ സംസ്ഥാന സർക്കാർ പോലീസ് മേധാവി ആകാൻ കഴിയൂ.
എ.ഡി.ജി.പി അജിത്കുമാർ സീനിയോറിറ്റിയിൽ ആറാമത്
നിലവിലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂലൈയിൽ വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ ആറാമനായിരിക്കും അജിത്ത്. ബി.എസ്.എഫ് മേധാവിയായിരിക്കെ, കേന്ദ്രസർക്കാർ കേരള കേഡറിലേക്ക് തിരിച്ചയച്ച നിതിൻ അഗർവാളാണ് സീനിയോറിറ്റിയിൽ ഒന്നാമൻ. രണ്ടാമനായ ഹരിനാഥ് മിശ്ര ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹത്തിന് 2025 ജൂലൈ വരെയേ സർവീസുള്ളൂ. അദ്ദേഹം ഡി.ജി.പി ദർവേഷിനൊപ്പം വിരമിക്കും.
സീനിയോറിറ്റിയിൽ അടുത്തത് റവാഡ ചന്ദ്രശേഖറാണ്. അദ്ദേഹം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ അഡിഷണൽ ഡയറക്ടറാണ്. ഷേഖ് ദർവേഷിനെ ഡിജിപിയായി തിരഞ്ഞെടുക്കുന്ന കാലത്ത്, കേന്ദ്ര ഡെപ്യൂട്ടേഷൻ മതിയാക്കി കേരളത്തിലേക്ക് തിരിച്ചെത്താൻ റവാഡ ശ്രമിച്ചതാണ്. എന്നാൽ അദ്ദേഹത്തെ സർക്കാർ പരിഗണിച്ചില്ല. സീനിയോറിറ്റിയിൽ അടുത്തതായുള്ള ഡിജിപി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി വരുന്ന ജനുവരിയിൽ വിരമിക്കും.
നിലവിലെ വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയാണ് അടുത്തത്. അദ്ദേഹത്തിന് 2030 വരെ സർവീസുണ്ട്. പക്ഷേ കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷനിൽ പോവാൻ ഒരുങ്ങുകയാണ് യോഗേഷ്. നേരത്തേ സി.ബി.ഐയിലും ഇ.ഡിയിലും ഏറെക്കാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ്.
നിലവിലെ വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് സീനിയോറിറ്റിയിൽ അടുത്തത്. അദ്ദേഹത്തിന് 2031 ജൂൺ വരെ സർവീസുണ്ട്. അതിനാൽ തന്നെ പോലീസ് മേധാവിയാവാൻ നിലവിൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത് മനോജ് എബ്രഹാമിനാണ്. എസ്.പി.ജിയിൽ കേന്ദ്രഡെപ്യൂട്ടേഷനിലുള്ള എസ്. സുരേഷാണ് സീനിയോറിറ്റിയിൽ അടുത്തത്.
അദ്ദേഹത്തിന് 2027 ഏപ്രിൽ വരെ സർവീസുണ്ട്. ഇവർക്കെല്ലാം ശേഷം ആറാമനായാണ് അജിത്തിന്റെ സ്ഥാനം. അജിത്തിന് 2028 ജനുവരി വരെ സർവീസുണ്ട്. അതിനാൽ മനോജ് എബ്രഹാം ഡിജിപിയായാൽ അജിത്തിന്റെ അവസരം നഷ്ടപ്പെടും. എന്നാൽ താൻ ഡിജിപിയായാൽ മനോജിന് താൻ വിരമിച്ച ശേഷം മൂന്നു വർഷം വീണ്ടും സർവീസ് കിട്ടുമെന്നാണ് അജിത്തിന്റെ വിലയിരുത്തൽ.
തച്ചങ്കരിയുടെ ഗതി ഉണ്ടാവാതിരിക്കാൻ മുൻകൂട്ടിയുള്ള നീക്കം
സീനിയോറിറ്റിയാണ് പോലീസ് മേധാവിയുടെ ചുരുക്കപ്പട്ടികയിൽ സാധാരണയായി പരിഗണിക്കാറുള്ളത്. അതിനാൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി സീനിയോറിറ്റി മറികടന്ന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാനാണ് അജിത്ത് ശ്രമിക്കുന്നത്. നേരത്തേ ഡി.ജി.പിയായിരുന്ന ടോമിൻ തച്ചങ്കരിയെ പോലീസ് മേധാവിയാവാനുള്ള ചുരുക്കപ്പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിരുന്നില്ല.
പിണറായി സർക്കാരിന്റെ അടുപ്പക്കാരനായിരുന്ന ടോമിൻ പോലീസ് മേധാവിയാവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ, കേന്ദ്ര സർക്കാരിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാതിരുന്നതോടെ തച്ചങ്കരിയെ പോലീസ് മേധാവിയാക്കാൻ പിണറായിക്ക് കഴിഞ്ഞില്ല.
യോഗേഷ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിൽ പ്രവർത്തിക്കുന്ന റവാഡയ്ക്കും എസ്.പി.ജിയിലുള്ള സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്തിന് സാദ്ധ്യത തെളിയും. ആർ.എസ്.എസിന്റെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മറ്റ് രാഷ്ട്രീയ ദൗത്യങ്ങൾക്ക് പുറമേ അജിത്ത് തന്റെ ഡിജിപിക്കസേരയ്ക്കുള്ള സമ്മർദ്ദവും ശക്തമാക്കാൻ കാരണമിതാണ്