തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കി. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും അദ്ദേഹം ആരോപിച്ചു.
നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായി. സിപിഎമ്മുമായി അജിത് കുമാറിന് ബന്ധമില്ലെന്ന് അവര്‍ പറയുന്നു. സിപിഎമ്മിന് ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞോ?.
പല കേസുകളും ഒത്തുതീര്‍പ്പാക്കാന്‍ ബെഹ്‌റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. സിപിഎം- ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നല്‍കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എഡിജിപി സ്ഥലത്തുള്ളപ്പോഴാണ് കമ്മിഷണര്‍ പൂരം കലക്കിയത്. പൊലീസിനെ കൊണ്ട് സിപിഎം പൂരം കലക്കി. അന്‍വര്‍ വീണ്ടും പിണറായിയെ അപമാനിക്കുകയാണ്. ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്.
പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരും. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത്കുമാര്‍ പോയതെന്ന് വാദത്തിനു സമ്മതിക്കാം. പക്ഷേ ഇക്കാര്യം അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തു ചെയ്തു? ഒരു വിശദീകരണം എങ്കിലും ചോദിച്ചോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.