തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത്, ഉടൻ ഒഴിയുന്ന പോലീസ് മേധാവി കസേരയിൽ നിയമനം ഉറപ്പിക്കാനാണ്. നിലവിലെ പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബിന്റെ കാലാവധി ജൂലൈയിൽ കഴിഞ്ഞതാണ്.
അദ്ദേഹത്തിന് സർക്കാർ ഒരു വർഷം കാലാവധി നീട്ടിനൽകി. വരുന്ന ജൂലൈയിൽ ഡി.ജി.പി കസേര ഒഴിയും. ഏപ്രിലിൽ ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ വിരമിക്കുമ്പോൾ അജിത്തിന് ഡിജിപി റാങ്ക് ലഭിക്കും. എന്നാൽ പോലീസ് മേധാവിയായി നിയമനം കിട്ടണമെങ്കിൽ കേന്ദ്രസർക്കാർ കനിയണം.

പോലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 25വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പാനൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് അയയ്ക്കും. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതിൽ നിന്ന് മൂന്നംഗ അന്തിമപാനൽ തയ്യാറാക്കി ഡിജിപി നിയമനത്തിനായി സംസ്ഥാന സർക്കാരിന് കൈമാറുകയാണ് രീതി.

 ഈ പാനലിൽ ഉൾപ്പെടണമെങ്കിൽ കേന്ദ്രത്തിൽ പിടിയുണ്ടാവണം. നേരത്തേ ടോമിൻ തച്ചങ്കരിയെ ഡി.ജി.പി നിയമനത്തിനുള്ള അന്തിമ പാനലിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. പിണറായി സർക്കാരിന്റെ അടുപ്പക്കാരനായിട്ടും തച്ചങ്കരിക്ക് പോലീസ് മേധാവിയാകാൻ കഴിയാതെ പോയത് ഇതുകാരണമാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയതടക്കം ഒരു പിടി ആരോപണങ്ങൾ അജിത്തിനെതിരേയുണ്ട്.
സ്വർണക്കടത്ത് കേസ് എൻ.ഐ.എ, ഇ.ഡി അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലുമാണ്. അജിത്താവട്ടെ പിണറായിയുടെ വലം കൈയായാണ് അറിയപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഡിജിപി നിയമനത്തിനുള്ള അന്തിമപട്ടികയിൽ ഉൾപ്പെടാൻ കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ കഴിയില്ലെന്ന് അജിത്തിന് വ്യക്തമായി അറിയാം.

യു.പി.എസ്.സി നൽകുന്ന മൂന്നംഗപാനലിൽ ഉൾപ്പെട്ടാൽ അതിൽ നിന്ന് സംസ്ഥാന സർക്കാരിന് അജിത്തിനെ പോലീസ് മേധാവിയായി നിയമിക്കാൻ കഴിയും. പോലീസ് മേധാവി നിയമനത്തിനുള്ള അന്തിമപട്ടികയിൽ ഉൾപ്പെടാൻ കേന്ദ്രത്തിലേക്ക് പാലമിടാനാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ അജിത്ത് മുൻകൂട്ടി കണ്ടത്.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി മാത്രമല്ല, മറ്റൊരു മുതിർന്ന ആർ.എസ്.എസ് നേതാവ് റാംമാധവുമായും അജിത്ത് കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്. കോവളത്ത് വച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് വിവരം. പോലീസ് മേധാവിയാവാൻ മുതിർന്ന ഡി.ജി.പിമാരെയാണ് നേരത്തേ പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ എ.ഡി.ജി.പിമാരെയും പരിഗണിക്കുന്നുണ്ട്. എ.ഡി.ജി.പിയായിരിക്കെയാണ് അനിൽകാന്തിനെ പൊലീസ് മേധാവിയാക്കിയത്.
അദ്ദേഹം വിരമിക്കാനിരിക്കെ സർക്കാർ രണ്ടുവർഷം സർവീസ് നീട്ടി നൽകിയിരുന്നു.  ‍പോലീസ് മേധാവി സ്ഥാനത്തേക്ക് അജിത്തിന് ശക്തനായ ഒരു എതിരാളിയും പോലീസിലുണ്ട്. അത് ഇന്റലിജൻസ് മേധാവിയായ മനോജ് എബ്രഹാമാണ്. അജിത്തിനേക്കാൾ സീനിയറായ മനോജ് ഫെബ്രുവരിയിൽ ഡി.ജി.പി റാങ്കിലെത്തും. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായ മനോജ് തന്നെ മറികടന്ന് പോലീസ് മേധാവി കസേരയിലെത്തിയാൽ അജിത്തിന് ആ പദവി ലഭിക്കില്ല.

സർവീസ് കൂടുതലുള്ള മനോജ് വിരമിക്കുമ്പോഴേക്കും അജിത്തിന് പദവിനഷ്ടമുണ്ടാവും. ഇതെല്ലാം കണക്കുകൂട്ടിയാണ് അടുത്ത വർഷം ജൂലൈയിൽ ഒഴിവു വരുന്ന പോലീസ് മേധാവി കസേരയിലേക്ക് എത്താനുള്ള പാലമായി ആർ.എസ്.എസ് ബന്ധം അജിത്ത് ഉപയോഗിച്ചത്.

 ആർ.എസ്.എസിന്റെ ശുപാർശ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് തള്ളാനാവില്ലെന്നും അജിത്ത് മുൻകൂട്ടിക്കണ്ടു. ആർഎസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് അജിത്ത് സമ്മതിച്ചിട്ടുണ്ട്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. 2023 മെയ് 20 മുതൽ 22വരെയാണ് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പ് നടന്നത്.
ക്യാമ്പിനിടെയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്.  ഒപ്പം പഠിച്ച  ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. സുഹൃത്ത് മുഖേനയെയായിരുന്നു  വിജ്ഞാൻഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടത്. ജയകുമാറിന്റെ കാറിലായിരുന്നു ഹോട്ടലിലെത്തിയുള്ള കൂടിക്കാഴ്ച.  സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് വിശദീകരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *