ബെംഗളൂരു: കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൊഗുദീപയും സുഹൃത്ത് പവിത്ര ഗൗഡയും മുഖ്യ പ്രതികളായ രേണുകസ്വാമി വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് ജീവനുവേണ്ടി കൈകൂപ്പി യാജിക്കുന്ന രേണുകസ്വാമിയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കർണാടക പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. മരണത്തിനു മുൻപ് രേണുകസ്വാമി കൊടിയ പീഡനങ്ങൾ നേരിട്ടതായി കുറ്റപത്രത്തിൽ വ്യക്തമാണ്.
ദർശനും കൂട്ടാളികളും നടത്തിയ മർദനത്തെ തുടർന്ന് രേണുകസ്വാമിയുടെ നെഞ്ച് എല്ലുകൾ ഒടിഞ്ഞിരുന്നു. 39 മുറിവുകളാണ് ശരീരത്തിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പീഡനത്തെ തുടർന്ന് തളർന്ന് അവശനായ രേണുകസ്വാമിയെ ഉണർത്താനായി ദർശനും സഹായികളും ചേർന്ന് സ്വകാര്യ ഭാഗങ്ങളിൽ ഷോക്കേൽപ്പിച്ചു. കൊലപാതക ശേഷം, ദർശനും മറ്റു പ്രതികളും ചേർന്ന് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
കേസന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടന്നതായും കുറ്റപത്രത്തിൽ പറയുന്നു. ദർശൻ്റെ സഹായിയായ പവൻ്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേണുകസ്വാമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ജൂൺ 9ന് ബെംഗളൂരുവിലെ ഒരു മേൽപ്പാലത്തിന് സമീപത്തായാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശൻന്റെ നിർദ്ദേശപ്രകാരം തട്ടിക്കൊണ്ടുപോയ ശേഷം കൊലപാതകം നടത്തുകയായിരുന്നു.
ദർശൻ്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചതിൽ പ്രകോപിതനായി കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *