മലപ്പുറം: മലപ്പുറം എസ്‌പിയായിരുന്ന സുജിത്ത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. പരാതിയുമായി എത്തിയ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ ആരോപണം.
പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദും എസ്‌പിയായിരുന്ന സുജിത്ത് ദാസും ബലാത്സംഗം ചെയ്തു. സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.
പി.വി.അൻവറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ പറഞ്ഞു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ പി.വി.അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
അതേസമയം, വീട്ടമ്മയുടെ ആരോപണങ്ങൾ പൊലീസ് തള്ളി. 2022 ൽ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്‌പിയെ സമീപിച്ചു. പരാതി ഡിവൈഎസ്‌പി ബെന്നിക്ക് അന്വേഷിക്കാൻ കൈമാറി.
വിശദമായ അന്വേഷണത്തിൽ ആരോപണം തെറ്റെന്ന് താനൂർ ഡിവൈഎസ്‌പി റിപ്പോർട്ട് നൽകി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്ക് ഉദ്യോഗസ്ഥർ പരാതി നൽകുമെന്നും പൊലീസ് അറിയിച്ചു.