തിരുവനന്തപുരം: ടൂറിസം മേഖലയിലെ മീറ്റിങ്ങുകൾക്ക് ഡ്രൈഡേയിൽ ഇളവ് നൽകി പുതിയ മദ്യനയം. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച മദ്യനയത്തിലാണ് ഡ്രൈ ഡേയിൽ ടൂറിസം മേഖലക്ക് ഇളവ് നൽകുന്നത്.
മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ് ഡ്രൈ ഡേയിൽ ഇളവ് നൽകുന്നത്. ടൂറിസം മേഖലകളിലെ മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകും. 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണമെന്നതാണ് നിബന്ധന.
ഡെസ്റ്റിനേഷൻ വെഡിങ്ങുകൾക്കും ഇത്തരത്തിൽ ഇളവ് നൽകിയേക്കും. നടപ്പ് സാമ്പത്തിക വർഷത്തെ മദ്യനയത്തിലാണ് ഈ നിർദേശങ്ങളുളളത്. നയത്തിന് സി.പി.എം അംഗീകാരം ലഭിച്ചതോടെ ഇടത് മുന്നണിയിൽ ചർച്ചക്ക് വെയ്ക്കും.
മദ്യനയം അംഗീകരിക്കുന്നതിനായി 11ന് മുന്നണിയോഗം വിളിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിൻെറനിരന്തര ആവശ്യം പരിഗണിച്ചാണ് ഡ്രൈഡേയിൽ ഭാഗിക ഇളവ് നൽകിയത്. ഡ്രൈഡേ നിലനിൽക്കുന്നത് മൂലം വൻ വരുമാന നഷ്ടമാണ് ടൂറിസം മേഖലക്ക് ഉണ്ടാകുന്നത്. ഇത് ചൂണ്ടിക്കാട്ടി ടൂറിസം സംരംഭകർ സർക്കാരിനെ സമീപിച്ചിരുന്നു.
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വേണുവും ആവശ്യത്തെ അനുകൂലിച്ചു. ഇതോടെയാണ് മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഡ്രൈഡേയിൽ ഇളവ് നൽകാൻ പ്രേരിപ്പിച്ചത്. സാമ്പത്തിക വർഷം പകുതി പിന്നിട്ട് കഴിയുമ്പോഴാണ് നടപ്പ് വർഷത്തെ മദ്യനയം വരുന്നത്.