ചെന്നൈ​: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൈൽഡ് ഹെൽപ്പ് ലൈന് ലഭിച്ച ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിലാണ് ഡോക്ടർ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.
ലാൽഗുഡിക്കടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. എസ്. സാംസൺ ഡാനിയേലിനെയാണ് (31) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ സെപ്റ്റംബർ 3ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതിയുടെ പേരിൽ മുൻപ് കുറ്റകൃത്യങ്ങളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അമ്മ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലാണ്.
ഈ അവസരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളുടെ ആരോഗ്യനില പരിശോധിക്കാനെന്ന വ്യാജേന ഇയാൾ പതിവായി ഹോസ്റ്റലിൽ എത്താറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. കുറ്റകൃത്യം മറച്ചുവെച്ച സ്‌കൂൾ പ്രിൻസിപ്പലായ പ്രതിയുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *