കോഴിക്കോട്: പോയ സാമ്പത്തികവര്‍ഷത്തെ സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 15 ശതമാനം വളര്‍ച്ച നേടി കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്ക് മികച്ച നേട്ടം കൈവരിച്ചു. 121 കോടി രൂപയാണ് 2023-24 ല്‍ സൈബര്‍പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ കയറ്റുമതിയിലുണ്ടായ വളര്‍ച്ച.2016-17 ല്‍ നിന്ന് ഏതാണ്ട് നാല്‍പത് മടങ്ങിലധികമാണ് സൈബര്‍പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 16-17 ല്‍ 2,97,84,942 കോടിയായിരുന്നു സോഫ്റ്റ്വെയര്‍ കയറ്റുമതിയെങ്കില്‍ 2023-24 ല്‍ അത് 121 കോടി രൂപയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് മടങ്ങിലധികമാണ് വളര്‍ച്ചാനിരക്ക്. പോയവര്‍ഷം 105 കോടി രൂപയായിരുന്നു സോഫ്റ്റ്വെയര്‍ കയറ്റുമതി.2017-18 ല്‍ 3,01,71,390 കോടി, 2018-19 ല്‍ 8.10,97,095 കോടി, 2019-20 ല്‍ 14,76,10,856 കോടി, 2020-21 ല്‍ 26,16,48,299 കോടി, 2020-21 ല്‍ 55,70,13,911 കോടി എന്നിങ്ങനെയായിരുന്നു സോഫ്റ്റ്വെയര്‍ കയറ്റുമതി.ഇവിടുത്തെ കമ്പനികള്‍ക്ക് സൈബര്‍ പാര്‍ക്ക് നല്‍കി വന്ന മികച്ച പിന്തുണയുടെ പ്രതിഫലനം കൂടിയാണ് സോഫ്റ്റ്വെയര്‍ കയറ്റുമതിയിലുണ്ടായ കുതിച്ചു ചാട്ടമെന്ന് സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അഭിപ്രായപ്പെട്ടു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഐടി സേവനങ്ങള്‍ ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ പാര്‍ക്കിലെ സഹ്യ കെട്ടിടം പൂര്‍ണമായും കമ്പനികള്‍ വാടകയ്ക്ക് എടുത്തു കഴിഞ്ഞതായി ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ആഗസ്റ്റില്‍ സംഘടിപ്പിച്ച ഐടി തൊഴില്‍മേളയായ റീബൂട്ടില്‍ ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം കോഴിക്കോടിന്‍റെ ഐടി പ്രതീക്ഷകള്‍ക്ക് ആവേശം പകരുന്നതാണ്. പുതിയ കെട്ടിടമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനം സൈബര്‍പാര്‍ക്ക് മുന്നില്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ വന്‍ വിജയത്തെ തുടര്‍ന്ന് ഐടി ആവാസവ്യവസ്ഥ മലബാറിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് 2009 ജനുവരി 28 ന് 42.5 ഏക്കറില്‍ സൈബര്‍പാര്‍ക്ക് ആരംഭിച്ചത്.അഞ്ച് ഏക്കറിലുള്ള  പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തില്‍ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെട്ടിടത്തില്‍  22 സ്റ്റാര്‍ട്ടപ്പ് കമ്പനികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്‍റെ  വിസ്തീര്‍ണം.ജീവനക്കാരുടെ കായിക മാനസികോല്ലാസത്തിനായി 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയടങ്ങിയ സ്പോര്‍ട്സ് അരീനയും സൈബര്‍പാര്‍ക്കിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *