തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി പൊലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ.
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രതിഷേധക്കാർക്കെതിരേ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് അടക്കം പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇതിനിടെയാണ് സുധാകരന്‍ പൊലീസിനെ വെല്ലുവിളിച്ചത്.
‘‘പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളൂ.’’ – സുധാകരൻ പറഞ്ഞു.