തോറ്റവരുടെ ഇംഗ്ലീഷ് ക്ലാസ്മുറികളിൽ രാമദാസ് മാഷുണ്ട്! അധ്യാപനത്തിന്റെ മൂന്നരപതിറ്റാണ്ടിൽ ഒരധ്യാപകൻ
പാലക്കാട്: ലോകം മുഴുവൻ വിജയികൾക്ക് പിറകെ പോകുമ്പോൾ തോറ്റു പോയവർക്ക് മാത്രമായി ഒരു അധ്യാപകനുണ്ട് പാലക്കാട് ജില്ലയിൽ. ഇംഗ്ലീഷിൽ തോൽക്കുന്ന പ്രീഡിഗ്രിക്കാർക്ക് എം.കെ രാമദാസ് മേനോൻ ക്ലാസെടുത്തത് 35 വർഷമാണ്. എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന തോന്നൽ ഉണ്ടാകണം. എന്നാൽ മാത്രമേ അയാൾ മരിക്കുന്ന സമയത്ത് തന്റെ ജീവിതം സഫലമായി എന്ന ചാരിതാർത്ഥ്യത്തോടെ മരിക്കാൻ സാധിക്കൂ. രാമദാസ് മേനോന്റെ വാക്കുകളിങ്ങനെ.
കുട്ടിക്കാലം മുതൽ ജീവിതത്തിൽ തോറ്റു തോറ്റു ജയിച്ചവനാണ് രാമദാസ് മേനോൻ. അതുകൊണ്ട് തന്നെയാണ് തോറ്റവരുടെ ഉയിർത്തെഴുന്നേൽപ്പ് എന്ന ദൗത്യം സ്വയം ഏറ്റെടുത്തത്. 1980കളിൽ പഠിക്കാൻ മിടുക്കരായ പലരും പ്രീഡിഗ്രി കാലഘട്ടത്തിൽ ഇംഗ്ലീഷ് എന്ന കടമ്പയിൽ കാൽ തട്ടിയാണ് വീണു പോയിരുന്നത്. അവർക്ക് രാമദാസ് മാഷ് താങ്ങായി. 1983 ൽ പാലക്കാട് താരേക്കാട് തുടങ്ങിയ ആദർശ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ തോറ്റവരുടെ തീർത്ഥാടന കേന്ദ്രമായി. പാസ്റ്റ് പെർഫക്റ്റും പ്രസന്റ് കണ്ടിന്യൂസ് ടെൻസും ശിഷ്യർക്ക് പച്ചവെള്ളം പോലെയായി.
കൊല്ലം ചെല്ലും തോറും വിദ്യാർത്ഥികളുടെ എണ്ണവും ബാച്ചുകളുടെ എണ്ണവും കൂടി. അപ്പോൾ അത് ഏകാധ്യാപക വിദ്യാലയമായി തുടർന്നു. ഈ 86-ാം വയസിലും ഇനിയും പഠിപ്പിക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേ മാഷിനുള്ളൂ.