തിരുവനന്തപുരം: എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എസ്എഫ്‌ഐഒ കിണറ്റില്‍ ചാടി ജീവനൊടുക്കിയോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പി വി അന്‍വറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളെ ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അന്‍വര്‍ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നാണ് ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ. കഴിഞ്ഞയാഴ്ച എസ്പി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന ആളാണ് അന്‍വര്‍. ഇപ്പോള്‍ പറയുന്നത് പരാതി കൊടുത്താല്‍ തന്റെ ഉത്തരവാദിത്തം തീര്‍ന്നു എന്നാണ്.
കഴിഞ്ഞയാഴ്ച വരെ എസ്പി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്നയാള്‍ പരാതി നല്‍കി മുഖ്യമന്ത്രിയെ കണ്ടതോടെ മാധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്.
ബേജാറായിട്ടാണ് അന്‍വര്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയി എല്ലാം കോംപ്രമൈസ് ആക്കിയത്. സുജിത് ദാസിനെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് അന്‍വറിന്റെ കൈയ്യിലുണ്ട്. അന്‍വറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയ്യിലുമുണ്ട്.
അന്‍വറിനെയും മുഖ്യമന്ത്രിയെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് പി ശശിയുടെ കൈയ്യിലുണ്ട്. കഥാന്ത്യത്തില്‍ ശശിയെ കൊണ്ട് ജനങ്ങളല്ലാം ‘ശശി’ ആകുമെന്നും കെ എം ഷാജി പറഞ്ഞു.