കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും.
ഡിജിപി ഷേക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി വി അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ഡിജിപിയുടെ കീഴിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഈ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥനെതിരെ എങ്ങനെ അന്വേഷണം നടത്താൻ കഴിയുമെന്ന ചോദ്യം ഉയർന്നിരിക്കുമ്പോഴാണ് ആദ്യ യോഗം ചേരുന്നത്.
അതേസമയം, എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി നൽകും.
പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടു കണ്ടാണ് പരാതി നൽകുക. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് കൂടിക്കാഴ്ച.