തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പ്രതികരിച്ചത്.
തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേയെന്നും റിമ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണെന്നും അവര്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും.
ഇനി ഇത് ആവര്‍ത്തിക്കില്ല. എന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം. മോഹന്‍ലാലിന് ഉത്തരമില്ലെങ്കില്‍ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാന്‍ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങള്‍ പരാതി ഉന്നയിച്ചത് സര്‍ക്കാരിനെ വിശ്വസിച്ചാണ്, സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നല്‍കണമെന്ന് പറയുകയാണ് സര്‍ക്കാര്‍. ഞങ്ങള്‍ ഈ കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കുമെന്നും റിമ കല്ലിങ്കല്‍ അഭിമുഖത്തില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *