കൊച്ചി: അത്തം മുതല്‍ തിരുവോണ ദിവസം വരെയുള്ള പത്ത് ദിവസം മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം , ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ജില്ലകളിലായി 56 ലക്ഷം ലിറ്റര്‍ പാല്‍ എട്ട് ലക്ഷം പാക്കറ്റ് തൈര്, 80000 കിലോ നെയ്യ് എന്നിവയുടെ വില്‍പ്പന പ്രതീക്ഷിക്കുവെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.
 ഷുഗര്‍ ഫ്രീ ഐസ്ക്രീമും, ഷുഗര്‍ ഫ്രീ പേഡയും ഉള്‍പ്പെടെ 75 ഇനം ഐസ്ക്രീമുകളും, അഞ്ചിനം പേഡയും വിവിധയിനം പനീറും , പാലടയും ഉള്‍പ്പെടയുള്ള 120 ഓളം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഡയറികളില്‍ നിന്ന് പാലും , തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറി കേന്ദ്രീകരിച്ച് പാല്‍ ഉല്‍പ്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിന് തയ്യാറെടുപ്പുകള്‍ എടുത്തു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്‍പന ഉണ്ടായാല്‍ അതും കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളുംമേഖലാ യൂണിയന്‍ ഒരുക്കിയിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്ക് പ്രോത്സാഹനമായി തൈരിനും , പാലിനും പ്രത്യേകഓണക്കാല ഇന്‍സെന്‍റീവും നല്‍കുന്നുണ്ട്.
 ഓണനാളില്‍ നാല് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 934 ക്ഷീരസംഘങ്ങളുടെ പ്രാദേശികവില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മൂലംമേഖലാ യൂണിയന്‍റെ നിലവിലെ പാല്‍ സംഭരണത്തില്‍ കുറവ് പരിഹരിക്കാനുള്ള നടപടികളുമെടുത്തു. എങ്കിലും സംസ്ഥാന ക്ഷീര ഫെഡറേഷന്‍റെ സഹായത്തോടു കൂടി മറ്റ് സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ ഫെഡറേഷനുകളില്‍ നിന്നും പാല്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. യഥേഷ്ടം പാലും പാലുല്‍പ്പന്നങ്ങളും ഉത്തരവാദിത്വത്തോടു കൂടി ഓണനാളുകളില്‍ ഉപഭോക്താകള്‍ക്ക് എത്തിക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
മില്‍മ ഷോപ്പികളും, ഏജന്‍റുമാരും കൂടാതെ ഈ തവണ ഓണത്തിന് ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമിട്ടു കൊണ്ട് പാലും, മറ്റ് ഉല്‍പ്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങള്‍ വഴി വില്‍പ്പന നടത്തുന്നതിനുമുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മില്‍മ റീഫ്രഷ് വെജ് റെസ്റ്റോറന്‍റുകളിലും മേഖലാ യൂണിയന്‍ നേരിട്ട് നടത്തുന്ന ഷോപ്പുകളിലും ഓണത്തോടനുബന്ധിച്ച് പായസം തയ്യാറാക്കി വില്‍പ്പന നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *