തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായി പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ.ശശിയെ കെ.‍‌ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ്. ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെയ്ക്കാനാണ് ജില്ലാ സെക്രട്ടേറിയേറ്റിലെ തീരുമാനം.
ട്രേഡ് യൂണിയൻ നേതൃപദവിയിൽ നിന്നും പി.കെ. ശശിയെ നീക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. പി.കെ. ശശിക്കെതിരായ നടപടി ചർച്ചചെയ്ത് അംഗീകരിച്ച ജില്ലാ കമ്മിറ്റിയിൽ തന്നെ കെ.‍‍‍ടി.ഡി.സി ചെയർമാൻ പദവിയിൽ നിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തിരുന്നതാണ്.
എന്നാൽ നടപടി പ്രാബല്യത്തിൽ വരാത്തത് കൊണ്ട് ശുപാർശ നടപ്പായില്ല. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിലായതിനാൽ നടപടി ആവശ്യപ്പെട്ട് കൂടുതൽ സമ്മർദ്ദം ചെലുത്താനും കഴിഞ്ഞില്ല. പിന്നീട് സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പി.കെ.ശശിക്കെതിരായ നടപടി അംഗീകരിച്ചെങ്കിലും ശശി രാജി വെക്കാൻ കൂട്ടാക്കിയിട്ടില്ല.
ആരുടെയോ പിന്തുണയുളളത് കൊണ്ടാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടും രാജിവെയ്ക്കാൻ തയാറാകാത്തതെന്നാണ് ജില്ലാ നേതൃത്വത്തിൻെറ അനുമാനം.ഇത് മനസിലാക്കിയാണ് കെ.ടി.‍ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്.
അടിയന്തിര പ്രധാന്യത്തോടെ വിഷയം പരിഗണിക്കണം എന്നാണ് പാലക്കാട് ജില്ലാ നേതൃത്വത്തിൻെറ ആവശ്യം.ഗുരുതരമായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയത് കൊണ്ടാണ് ജില്ലയിലെ പാർട്ടിയിലെ സർവ ശക്തനായി വാണിരുന്ന പി.കെ.ശശിയ പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തിയത്.

 പി.കെ. ശശി ചെയർമാൻ പദവി വഹിക്കുന്ന മണ്ണാർക്കാട്ടെ യൂണിവേഴ്സൽ കോ-ഓപ്പറേറ്റീവ് കോളജിൻെറ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോഴത്തെ നടപടിയുടെ പ്രധാന കാരണമെന്നാണ് നേതൃത്വം പുറത്ത് പറയുന്നത്. 

സ്ത്രീപീഡന പരാതിയിൽ നിന്ന് നേരത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടുളള ശശിക്ക് എതിരെ ഇപ്പോൾ കർശന നടപടി സ്വീകരിക്കാൻ ഉണ്ടായ കാരണമെന്താണെന്ന് വ്യക്തമാക്കാൻ ഇനിയും ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തയാറായിട്ടില്ല. ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന എന്തോ ഗുരുതരമായ പ്രവർത്തി പി.കെ.ശശിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് നേതൃത്വം നൽകുന്ന വിവരം.
എന്നാൽ അതെന്താണെന്ന് വ്യക്തമാക്കാൻ തയാറാകുന്നില്ലെന്ന് മാത്രം. സാധാരണ നിലയിൽ പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തുന്നത് പോലെയുളള കടുത്ത നടപടികൾ നേരിടുന്നവർ പാർട്ടിയിൽ നിന്ന് ലഭിച്ച മറ്റ് സ്ഥാന മാനങ്ങൾ കൂടി ഒഴിയുകയാണ് പതിവ്.സംസ്ഥാന സെക്രട്ടേറിയേറ്റാണ് സർക്കാരിൻെറ ബോർ‍ഡ് കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങളിലേക്ക് നേതാക്കളെ നിയോഗിക്കുന്നത്.
പി.കെ. ശശി കെ.ടി.ഡി.സി തലപ്പത്തേക്ക് പി.കെ.ശശിയെ നിയമിച്ചതും ഇങ്ങനെതന്നെ. സംസ്ഥാന സെക്രട്ടേറിയേറ്റ് തന്നെ ആവശ്യപ്പെട്ടാൽ മാത്രമേ ചെയ‍ർമാൻ സ്ഥാനം രാജിവെയ്ക്കുകയുളളുവെന്നാണ് ശശിയുടെ നിലപാടെന്നാണ് സൂചന.
പീഡന പരാതിയെ തുടർന്നാണ് ഷൊർണൂർ എം.എൽ.എ ആയിരുന്ന പി.കെ.ശശിക്ക് 2021ൽ വീണ്ടും സീറ്റ് നൽകാതിരുന്നത്.എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ  വിശ്വസ്തനായ പി.കെ.ശശിക്ക് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കെ.‍‍ടി.ഡി.സിയുടെ ചെയർമാനായി നിയമനം നൽകി. പീഡന പരാതിയിൽ നടപടി നേരിട്ടിട്ടും പി.കെ.ശശിക്ക് വീണ്ടും ഉന്നതസ്ഥാനം ലഭിച്ചത് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും ഞെട്ടിച്ചിരുന്നു.
പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കുന്ന ഘട്ടത്തിൽ പി.കെ.ശശിക്കെതിരായി നടപടി സ്വീകരിക്കുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള നേതാക്കൾ എതിരായിരുന്നു.എന്നാൽ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പറ്റാത്ത തെറ്റാണ് ശശിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടി എടുത്തേതീരു എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻെറ നിലപാട്.
നടപടിക്ക് കളമൊരുക്കാൻ കോളജ് പണപ്പിരിവിനെ കുറിച്ച് അന്വേഷിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരടങ്ങുന്ന കമ്മീഷൻെറ റിപോർട്ടും സംസ്ഥാന കമ്മിറ്റിയിൽ വെച്ചു. പാർട്ടി അറിയാതെ സഹകരണ കോളജിന് വേണ്ടി പണം പിരിച്ചതായി കണ്ടെത്തുന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പി.കെ.ശശിക്കെതിരായി നടപടി സ്വീകരിക്കാൻ ധാരണ ഉണ്ടാക്കുകയും ചെയ്തു.
പിന്നാലെ പാലക്കാട് ജില്ലാ കമ്മിറ്റി ചേർന്നപ്പോൾ നേരിട്ട് പങ്കെടുത്ത് കൊണ്ട് എം.വി. ഗോവിന്ദൻ നടപടിക്ക് മുഖ്യകാ‍ർമികനായി. എം.വി.ഗോവിന്ദൻ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്ലായിരുന്നില്ലെങ്കിൽ ശശിക്കെതിരെ നടപടി ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ പി.കെ.ശശിയെ കെ.ടി.‍ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കുന്നതിനും എം.വി.ഗോവിന്ദൻെറ കർശന ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *