പൊലീസ് പാഞ്ഞെത്തി, യുവതി മരിക്കാനൊരുങ്ങുന്ന വിവരമറിയിച്ചത് മെറ്റ എഐ, 23 -കാരൻ ഭർത്താവ് അറസ്റ്റിൽ
ലഖ്നൗവിൽ യുവതി ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം പൊലീസിനെ അറിയിച്ച് മെറ്റ എഐ. ഒടുവിൽ പൊലീസെത്തി 21 -കാരിയായ യുവതിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. യുവതിയുടെ ഭർത്താവായ 23 -കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവം ഇങ്ങനെ: മറ്റൊരു പ്രദേശത്ത് താമസിക്കുന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പ് ആര്യ സമാജം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാവുകയും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് താമസിക്കാനും തുടങ്ങി. വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാൽ തന്നെ യുവാവ് യുവതിയെ ഉപേക്ഷിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
ആകെ മാനസികസമ്മർദ്ദത്തിലായിപ്പോയ യുവതി മരിക്കാൻ തീരുമാനിക്കുകയും കയറിൽ കുരുക്കിട്ട് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് അധികം വൈകാതെ വൈറലായി മാറി. വീഡിയോ വൈറലായതോടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പൊലീസ് ഓഫീസിലെ സോഷ്യൽ മീഡിയ സെൻ്ററിൽ മെറ്റയുടെ മുന്നറിയിപ്പ് ലഭിച്ചു. ഉടനെ തന്നെ പൊലീസ് യുവതിയുടെ ഗ്രാമം കണ്ടെത്തുകയും യുവതിയുടെ അടുത്തെത്തി അവരെ മരണത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.
മോഹൻലാൽഗഞ്ച് എസിപി രജനീഷ് വർമ പിടിഐ വീഡിയോസിനോട് പറഞ്ഞത്, “ശനിയാഴ്‌ച ഉച്ചയോടെ, ഒരു യുവതി ആത്മഹത്യ ചെയ്യാൻ പോകുന്നതായി മെറ്റാ എഐയിൽ നിന്ന് വിവരം ലഭിച്ചതായി ഡയറക്‌ടർ ജനറലിൻ്റെ ഓഫീസിലെ സോഷ്യൽ മീഡിയ സെൻ്ററിൽ നിന്ന് അറിയിപ്പ് കിട്ടി. ഉടൻ തന്നെ നടപടിയെടുത്തു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ സുരക്ഷിതയാക്കി” എന്നാണ്.
പിന്നീട്, വനിതാ പൊലീസുകാർ ഒരു മണിക്കൂറോളം യുവതിക്ക് കൗൺസലിംഗ് നൽകി. യുവതി ഇപ്പോൾ ആരോഗ്യവതിയാണ്. പൊലീസുകാർ അവളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണ് എന്നും പൊലീസ് പറയുന്നു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ചിത്രം പ്രതീകാത്മകം