തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തിയിരുന്ന വൈഷ്ണവയെ കൊന്ന ശേഷം ഭര്‍ത്താവ് ബിനുകുമാര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ബിനുകുമാര്‍ തന്നെയാകാം കൃത്യം നടത്തിയതെന്ന് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നതായും പൊലീസ് അറിയിച്ചു.
മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ഏറെ നാളായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വൈഷ്ണവയ്‌ക്കൊപ്പം മരിച്ചത് സ്ത്രീയാണെന്നാണ് ആദ്യം കരുതിയിരുന്നത്. വിശദപരിശോധനയിലാണ് മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. ഓഫിസിലെത്തിയ ബിനു, വൈഷ്ണവയുടെ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയതാണെന്നാണു കരുതുന്നത്.