‘കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാകാത്ത ആചാരമാണ്. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ത്ഥം. 
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യ വിഭവങ്ങള്‍. ഇതില്‍ പായസം മാത്രം ഒന്നോ രണ്ടോ അതിലധികമോ ആയേക്കാം. 
ഓണസദ്യ തയാറായാൽ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിക്കും മഹാബലിക്കുമായി വിളമ്പണം. 
സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ് ചെറുപയര്‍ കൊണ്ടോ, തുവര പരിപ്പ് കൊണ്ടോ ആണ് കറി വയ്ക്കുക. സാമ്പാര്‍ പലയിടങ്ങളിലും പല രീതിയിലാണ് തയാറാക്കുന്നത്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍.  
ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി നിര്‍ബന്ധമാണ് സദ്യയില്‍. ചേനയും കായയും തന്നെ എരിശ്ശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടിയും ഒഴിച്ചു കൂടാനാകില്ലാ.
പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി, കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയൊക്കെ തോരനും തയാറാക്കാം. കായ മെഴുക്കു പുരട്ടിയും സാധാരണമാണ്.
 തൈരു കൊണ്ടുള്ള കാളനും കുറുക്കു കാളനും, പുളിശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ കൂട്ടിയുള്ള പുളിശേരിയും സദ്യ കൊഴുപ്പിക്കും. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ഓലനും സദ്യയെ കെങ്കേമമാക്കും.
പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥമന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *