ന്യൂഡല്‍ഹി: ഒരു വ്യക്തി കുറ്റവാളിയാണെന്ന് കരുതി അവരുടെ വീടുകള്‍ പൊളിച്ചു നീക്കരുതെന്ന് സുപ്രീംകോടതി. ബുള്‍ഡോസര്‍ നടപടിക്കെതിരെ വന്ന ഹര്‍ജികള്‍ പരി​ഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഗുരുതര കുറ്റകൃത്യത്തില്‍ പ്രതിയാണെന്ന് കരുതി എങ്ങനെയാണ് ഒരാളുടെ വീട് പൊളിച്ചു നീക്കുന്നത്. കുറ്റം തെളിഞ്ഞാലും നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങളിലൂടെ അല്ലാതെ കെട്ടിടം പൊളിക്കരുത്. അച്ഛന് മോശക്കാരനായ മകനുണ്ടാകാം, പക്ഷേ അതിന്റെ പേരില്‍ വീട് പൊളിക്കാനാവുമോ..? കെട്ടിടം നിയമവിരുദ്ധമാണെങ്കില്‍ മാത്രമേ പൊളിച്ചു നീക്കാന്‍ അനുവാദമുള്ളൂ. ആദ്യം നോട്ടീസ് നല്‍കുക, മറുപടി നല്‍കാന്‍ സമയം നല്‍കുക, നിയമപരമായ പരിഹാരങ്ങള്‍ തേടാന്‍ സമയം നല്‍കുക, എന്നിട്ടാണ് പൊളിച്ചുമാറ്റേണ്ടത്.- കോടതി വ്യക്തമാക്കി.
ബുള്‍ഡോസര്‍ നടപടി വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് രാജ്യ വ്യാപകമായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അനധികൃത നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ ബെഞ്ച് പൊതുവഴികളെ തടസ്സപ്പെടുത്തുന്ന ക്ഷേത്രമുള്‍പ്പെടെയുള്ള അനധികൃത നിര്‍മാണത്തെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.
ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുതകര്‍ത്ത കാര്യം ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ഉദയ്പുരിലെ സംഭവവും പരാമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി സംസ്ഥാനങ്ങളാണ് കുറ്റവാളികളുടെ വീടുകള്‍ പൊളിച്ചുമാറ്റുന്ന നടപടിയിലേക്ക് കടന്നത്. ഇതിനെതിരെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോടതി സെപ്റ്റംബര്‍ 17ന് വീണ്ടും ഹര്‍ജി പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *