ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ രോഹിണി ഏരിയയുടെ ആഭിമുഖ്യത്തിൽ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന മലയാള സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടനായി തെരെഞ്ഞെടുക്കപ്പെട്ട മാസ്റ്റർ അവ്യുക്ത് മേനോനെ അനുമോദിച്ചു. രോഹിണി സെക്‌ടർ 7-ലെ ശ്രീഅയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാരി മന്ദിറിൽ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലായിരുന്നു അനുമോദിച്ചത്.
ഏരിയ ചെയർമാൻ ടി പി ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി എൻ സെൽവരാജ് മുഖ്യാതിഥിയായിരുന്നു. ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, വൈസ് പ്രസിഡൻ്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി എം കെ സുരേഷ്, വൈസ് ചെയർമാൻ എം പി റജി, ട്രെഷറർ എ എം ബാബു, വനിതാ വിഭാഗം കൺവീനർ ഭാഗ്യലക്ഷ്മി മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.