ചിറക്കടവ് : ചിറക്കടവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസും പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 7 ചാക്കോളം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. മൂന്നു പെട്ടിക്കടകളില്‍ നിന്നായാണ് ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
പഞ്ചായത്ത് പരിധിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ഓഗസ്റ്റ് 30ന് ചിറക്കടവ് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത തീരുമാനപ്രകാരമാണു ഇന്നു സംയുക്ത പരിശോധന നടത്തിയത്.
ടൗണില്‍ തന്നെയുള്ള മൂന്ന് പെട്ടിക്കടകളില്‍ നിന്നാണ് ഏഴു ചാക്കോളം നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടിച്ചെടുത്തത്. രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. പഞ്ചായത്തിന്റെയോ മറ്റു ബന്ധപ്പട്ട സര്‍ക്കാര്‍ വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു പെട്ടിക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വിദ്യാര്‍ഥികളെ അടക്കം ലക്ഷ്യമിട്ടായിരുന്നു കടകളുടെ പ്രവര്‍ത്തനം. അനധികൃതമായി പ്രവര്‍ത്തിച്ച മൂന്നു കടകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നിന്നു നീക്കം ചെയ്തു. കടകള്‍ നടത്തിയിരുന്നവര്‍ക്കെതിരെ കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുകയും ചെയ്യുമെന്നു പഞ്ചായത്തധികൃതര്‍ അറിയിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്കു കൂടി വരും ദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കാന്നും തീരുമാനമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *