എട്ടുവയസ്സുകാരിയുടെ വയറ്റിൽ കണ്ടെത്തിയതിൽ ഞെട്ടി ഡോക്ടർമാർ, ക്രിക്കറ്റ് പന്തോളം വരുന്ന മുടി നീക്കം ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ എട്ടുവയസ്സുകാരിയുടെ വയറ്റിൽ ക്രിക്കറ്റ് പന്തിന്റെ അത്രയും അളവിൽ ചുറ്റിപ്പിണഞ്ഞ മുടി നീക്കം ചെയ്തു. റപുൻസൽ സിൻഡ്രോം എന്നും വിളിക്കപ്പെടുന്ന ട്രൈക്കോഫാഗിയ എന്ന അപൂർവ അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്തരം രോഗാവസ്ഥയുള്ളവർ മുടി ഭക്ഷിക്കും. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രണ്ട് വർഷമായി പെൺകുട്ടിയുടെ വിശപ്പില്ലായ്മയും ഇടയ്ക്കിടെയുള്ള ഛർദ്ദിയും കാരണം മാതാപിതാക്കൾ നിരന്തരം ആശുപത്രിയിൽ കയറിയിറങ്ങി. പീഡിയാട്രീഷ്യൻ, ജനറൽ ഫിസിഷ്യൻ, ഇഎൻടി സ്‌പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ആസ്റ്റേഴ്‌സ് ചിൽഡ്രൻ ആൻ്റ് വുമൺ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ദഹനനാളത്തിൽ അടിഞ്ഞുകൂടിയ മുടി കണ്ടെത്തിയെന്ന് പീഡിയാട്രിക് ശസത്രക്രിയാ വിദഗ്ധ ഡോ. മഞ്ജിരി സോമശേഖർ പറഞ്ഞു.
ട്രൈക്കോബെസോർ വളരെ അപൂർവമായ അവസ്ഥയാണെന്നും മുടി തിന്നുന്നത് മാനസിക വൈകല്യമാണെന്നും അവർ പറഞ്ഞു. മുടി നീക്കം ചെയ്യാൻ ലാപ്രോട്ടമി എന്നറിയപ്പെടുന്ന ഓപ്പൺ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ഡോക്ടർ വിശദീകരിച്ചു. രണ്ടര മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടർമാർ അറിയിച്ചു.