കൊച്ചി: മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷിക്കണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
കൊലപാതകം, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ ലഹരി മരുന്ന് മാഫിയകളുമായുള്ള ബന്ധം, കൊടിയ അഴിമതി ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് എതിരെ ഉണ്ടായിട്ടും ആരോപണ വിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത് കേട്ടു കേള്‍വിയില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എ.ഡി.ജി.പിയെക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജൂനിയര്‍ ഉദ്യോഗസ്ഥരാണ് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലുള്ളത്. എസ്.പിക്കെതിരെ അരോപണം ഉണ്ടായാല്‍ എസ്.ഐ ആണോ അന്വേഷിക്കുന്നത്? ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടും നിയമപരമായ അന്വേഷണം നടത്താതെ പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ ആരോപിച്ചു.
ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് അവരെ ഭയമാണ്. അവര്‍ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. പത്തനംതിട്ട എസ്.പിയുടെ എം.എല്‍.എയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം കേരളത്തെ ഞെട്ടിച്ചതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ഒരു ഉദ്യോഗസ്ഥന്‍ എം.എല്‍.എയുടെ കാല് പിടിക്കുകയാണ്. അയാള്‍ മൂന്ന് ഉദ്യോഗസ്ഥരെ കുറിച്ചാണ് അസംബന്ധം പറഞ്ഞത്. എ.ഡി.ജി.പിയുടെ ഭാര്യയുടെ സഹോദരന്‍മാര്‍ പണമുണ്ടാക്കുകയാണെന്നും എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനും കള്ളനുമാണ് എ.ഡി.ജി.പിയെന്നും പറഞ്ഞ എസ്.പി ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണ്. ഇത് എന്ത് പൊലീസാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പൊലീസിനെ ഇതുപോലെ ഇതുപോലെ നാണം കെടുത്തിയ കാലമുണ്ടായിട്ടില്ല. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് സേന ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടിരിക്കുകയാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്നവര്‍ക്കെതിരെ കൊലപാതകവും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതുവരെ ഉയര്‍ന്നിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതാണ്. അന്ന് അമിതാധികാരങ്ങള്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കള്ളക്കടത്ത് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും സതീശന്‍ ചോദിച്ചു.
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഏരിയയില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ട് അത് മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ച് അതില്‍ നിന്നും കുറച്ചു സ്വര്‍ണം അടിച്ചുമാറ്റിയിട്ട് ബാക്കി സ്വര്‍ണത്തിന് മേല്‍ കേസെടുക്കുന്നു. എന്തൊരു വലിയ ആരോപണമാണിത്?
എസ്.പിയുടെ നേതൃത്വത്തില്‍ എ.ഡി.ജി.പിയുടെ അറിവോടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയിലാണ് ഇതൊക്കെ നടന്നത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭരണകക്ഷി എം.എല്‍.എ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടേ? നടപടി ഇല്ലാത്ത സാഹചര്യത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു വേണം കാണാന്‍. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
സി.പി.എം ഏറ്റവും വലിയ ജീര്‍ണതയിലേക്കാണ് പോകുന്നത്. ബംഗാളില്‍ അവസാനകാലത്തുണ്ടായ ദുരന്തമാണ് കേരളത്തിലെ സി.പി.എമ്മിനെയും കാത്തിരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എമ്മിനെ കേരളത്തില്‍ കുഴിച്ചുമൂടുകയാണ്. സി.പി.എം ബംഗാളിലേതു പോലെ കേരളത്തിലും തകര്‍ന്നു പോകുന്നത് ഇഷ്ടപ്പെടുന്നവരല്ല കേരളത്തിലെ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തൃശൂര്‍ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വികാരം ഉണ്ടാക്കി ബി.ജെ.പിയെ സഹായിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് പൂരം കലക്കിയത്. എന്നിട്ടും ഒരു നടപടിയും എടുത്തില്ല.
കമ്മിഷണര്‍ അഴിഞ്ഞാടിയിട്ടും ജില്ലയിലെ രണ്ടു മന്ത്രിമാര്‍ അതിനെ ചോദ്യം ചെയ്തോ? മുഖ്യമന്ത്രി ഉറങ്ങിക്കിടക്കുകയായിരുന്നില്ലല്ലോ? അപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നില്ലേ?
നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി ധാരണയെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം അവസാനിപ്പിച്ചത്. പാര്‍ലമെന്റ് തിരഞ്ഞടുപ്പ് സമയത്തും കരുവന്നൂരില്‍ ഇ.ഡി പിടി മുറുക്കുന്നുവെന്ന് പറഞ്ഞു. പൂരവും കലക്കി തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി ജയിച്ചതോടെ ഇ.ഡി ഇഡിയുടെ വഴിക്കും മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ വഴിക്കും പിരിഞ്ഞെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസിന് ബദലായി യു.ഡി.എഫ് നടത്തിയ വിചാരണ സദസില്‍ ‘സര്‍ക്കാര്‍ അല്ല, ഇത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കൊള്ളയും കൊലപാതകവും സ്വര്‍ണക്കടത്തും ലഹരിമരുന്ന് മാഫിയയ്ക്ക് കൂട്ടു നില്‍ക്കുന്ന അഴിമതിക്കാരുടെ കൂടാരമാണ് ഈ സര്‍ക്കാര്‍. എല്ലാ അഴിമതികളുടെയും വൃത്തികേടുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭരണഘടനാവിരുദ്ധമായി പെരുമാറുന്ന ശക്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്നാണ് സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കേരളത്തിലെ ഏത് മുഖ്യമന്ത്രിക്കുണ്ടായിട്ടുണ്ട് ഇതുപോലൊരു ഗതികേട്?
ഇ.എം.എസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവരുടെ ഓഫീസില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ആദ്യം ഒരുത്തന്‍ നൂറ് ദിവസം ജയിലില്‍ പോയി. സ്വര്‍ണക്കള്ളക്കടത്തിനും ലഹരിമരുന്ന് മാഫിയയ്ക്കും കുടപിടിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചന്ദശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കുള്‍പ്പെടെ ഇതില്‍ പങ്കുണ്ട്. ടി.പി കൊലക്കേസ് പ്രതികള്‍ മിക്കവാറും സമയം പുറത്താണ്. അവരാണ് ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത്. ഗൂഡാലോചന വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അവര്‍ സി.പി.എം നേതാക്കളെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
അവരാണ് മലബാറിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. സി.പി.എം ഏറ്റവും വലിയ ജീര്‍ണതയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സി.പി.എമ്മിലെ തന്നെ നിരവധി പേരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സി.പി.എമ്മിന്റെ ഘടനയില്‍ നിന്നു കൊണ്ടാണ് ഭരണകക്ഷി എം.എല്‍.എ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങളെല്ലാം. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല.
മുഖ്യമന്ത്രി വിരണ്ടു നില്‍ക്കുകയാണ്. ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്നു എന്ന് പറയുന്നതൊക്കെ വെറുതെയാണ്. കരുത്തനായ ഭരണാധികാരിയിയിരുന്നെങ്കില്‍ നേരം വെളുക്കുമ്പോള്‍ ആരോപണവിധേയരൊന്നും സ്ഥാനങ്ങളില്‍ ഉണ്ടാകുമായിരുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയരാണ് കേരളം ഭരിക്കുന്നത്. അവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ വലിയൊരു നീക്കം സി.പി.എമ്മില്‍ നടക്കുന്നുണ്ട്. അല്ലാതെ അന്‍വര്‍ പോലുള്ള ഒരാള്‍ക്ക് ഇത് പറയാന്‍ ധൈര്യം കിട്ടില്ല. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ആ നീക്കത്തിനുണ്ട്. അല്ലാതെ സി.പി.എമ്മില്‍ ഇങ്ങനെയൊരു നീക്കം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെങ്കില്‍ അദ്ദേഹം കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പറയേണ്ടി വരും. പക്ഷെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ അങ്ങനെ പറയില്ല. ഉപജാപകസംഘത്തിന് കുടപിടിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രണ്ട് കൊലപാത കേസുകളിലേത് ഉള്‍പ്പെടെയുള്ള എഫ്.ഐ.ആര്‍ പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുകയാണ്. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള സമരം തുടരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.