കൊച്ചി: ഡീപ് വെയ്ന്‍ അനുബന്ധ രോഗങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രണ്ടു ദിവസത്തെ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് കേരളയും വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് പ്രശസ്ത വാസ്‌കുലര്‍ സര്‍ജന്‍ പ്രൊഫ.കെ.എസ്.നീലകണ്ഠനും വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റുമായ ഡോ.പി.സി.ഗുപ്തയും ഉദ്ഘാടനം ചെയ്തു. ഡീപ് വെയ്ന്‍ ഇന്റര്‍വെന്‍ഷന്‍സുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ ദേശീയ കോണ്‍ഫറന്‍സ് കൂടിയാണിത്.

ഡീപ് വെയ്ന്‍ ത്രോംബോസിസ്(ഡിവിടി) മൂലമുണ്ടാകുന്ന രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്ന് കോണ്‍ഫറന്‍സില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടു. ശരീരത്തിലെ ആഴത്തിലുള്ള സിരകളിൽ രക്തം കട്ടപിടിക്കുമ്പോഴാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ് ഉണ്ടാകുന്നത്. മിനിമം ഇന്‍വേസിവ് ഇന്റര്‍വെന്‍ഷണല്‍ ടെക്‌നിക്കുകളിലൂടെ വെയ്‌നുകളില്‍ രൂപപ്പെടുന്ന ബ്ലഡ് ക്ലോട്ടുകള്‍ ചികിത്സിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യകളും  ചര്‍ച്ചാവിഷയമായി. ഡിവിടി ബാധിച്ചവരില്‍ ഉണ്ടാവുന്ന പോസ്റ്റ്-ത്രോംബോട്ടിക് സിന്‍ഡ്രോം തുടങ്ങിയ അവസ്ഥയിലുള്ള  രോഗികളിൽ  ബ്ലോക്ക്ഡ് ലോവര്‍ ലിമ്പ് വെയ്‌നുകളുടെ ചികിത്സാ സാധ്യതകളും കോൺഫെററെൻസിൽ  ചര്‍ച്ച ചെയ്തു.

കാലിലെ ആഴത്തിലുള്ള വെയ്‌നുകളില്‍ ബാധിക്കുന്ന അസുഖങ്ങള്‍ എളുപ്പത്തിൽ തിരിച്ചറിയപ്പെടാത്തവയാണെന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിലെ വാസ്‌കുലര്‍ സര്‍ജനും, സംഘാടക ചെയര്‍മാനുമായ ഡോ. സുനില്‍ രാജേന്ദ്രന്‍ പറഞ്ഞു. യുവാക്കളിലും ഡീപ് വെയ്ന്‍ പ്രശ്നങ്ങൾ മൂലം  കാലിന്റെ നീര്‍വീക്കം, ത്വക്കിലുണ്ടാകുന്ന ഉണങ്ങാത്ത അള്‍സറുകള്‍ തുടങ്ങിയവ   കാണപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഡീപ് വെയ്ന്‍ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി ലൂര്‍ദ് ആശുപത്രിയിലെ ഡോ. വിമല്‍ ഐപ്പ്, കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.  അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ജീവിതശൈലി എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങളെന്നും അവര്‍ പറഞ്ഞു.

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ വാസ്‌കുലര്‍ സര്‍ജന്‍ ഡോ. സ്റ്റീഫന്‍ ബ്ലാക്ക് ആന്‍ജിയോപ്ലാസ്റ്റിയുടെയും കാലുകളിലെ വെയ്‌നുകളിലെ സ്റ്റെന്റിംഗിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. സിംഗപ്പൂരില്‍ നിന്നുള്ള വാസ്‌കുലര്‍ സര്‍ജന്‍ ഡോ. ശ്രീറാം നാരായണന്‍ ഇത്തരം രോഗങ്ങളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക അള്‍ട്രാസൗണ്ട് ഉപകരണത്തിന്റെ (IVUS) ഉപയോഗത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും പങ്കുവെച്ചു.

കൊച്ചി റമദ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 15 ഓളം വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടന്നു.  ഇന്ത്യയ്ക്കകത്തു നിന്നും ലണ്ടന്‍, യുഎസ്എ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി നൂറിലധികം പേരാണ്  കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. വാസ്‌ക് പ്രസിഡന്റ് പ്രൊഫ. ഡോ. ആര്‍.സി  ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ട്രഷറര്‍ ഡോ. രാജേഷ് ആന്റോ, സൈന്റിഫിക് കമ്മറ്റി അംഗം  ഡോ. വി. വിനീത് തുടങ്ങിയവര്‍  പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *