തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പതിന് ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകള്‍ നല്‍കുക. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും ഔട്ട്ലറ്റുകളിലും ആരംഭിച്ചു. വെള്ള, നീല എന്നീ കാര്‍ഡുകാര്‍ക്ക് ചെമ്പാവ് അരി നല്‍കും. 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കി. സപ്ലൈകോ വഴിയുള്ള അരി വിതരണം പത്ത് കിലോ ആയി വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. നാലാം തീയതി അമ്പൂരിയില്‍ പുതിയ റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകളുടെ എണ്ണം ആയിരമാകും.
വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ചെറുപയര്‍, പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി, ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുളളത്.
കൂടാതെ ഓണം ഫെയര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആര്‍ അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *