‘ഇത് ഇങ്ങനെ പോരാ’, ആ തമിഴ് നായകനുവേണ്ടി കഥ മാറ്റേണ്ടിവന്നു; തുറന്നു പറഞ്ഞ് ‘ഗോട്ട്’ സംവിധായകന്‍ വെങ്കട് പ്രഭു

മുഖ്യധാരാ സിനിമയില്‍ താന്‍ ഉദ്ദേശിക്കുന്ന സിനിമ ചെയ്തെടുക്കല്‍ ഒരു സംവിധായകന് എപ്പോഴും വെല്ലുവിളിയാണ്. അതൊരു സൂപ്പര്‍താര ചിത്രമാണെങ്കില്‍ പ്രത്യേകിച്ചും. നിര്‍മ്മാതാക്കളില്‍ നിന്നും ആ താരത്തില്‍ നിന്ന് തന്നെയും നിര്‍ദേശങ്ങളും സമ്മര്‍ദ്ദവുമൊക്കെ വരാം. ഇപ്പോഴിതാ അത്തരത്തില്‍ ആശയ തലത്തില്‍ തന്നെ തനിക്ക് മാറ്റേണ്ടിവന്ന രണ്ട് സിനിമകളുടെ കാര്യം പറയുകയാണ് പ്രമുഖ തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. വിജയ് നായകനാവുന്ന ഗോട്ട് ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.

സൂര്യയെ നായകനാക്കി 2015 ല്‍ പുറത്തെത്തിയ മാസ് അത്തരത്തില്‍ തനിക്ക് മാറ്റം വരുത്തേണ്ടിവന്ന സിനിമയാണെന്ന് വെങ്കട് പ്രഭു പറയുന്നു. “ലളിതമായ ഒരു ചിത്രമായി ചെയ്യണമെന്നായിരുന്നു എന്‍റെ ആ​ഗ്രഹം. ഒരു അപകടത്തില്‍ പെട്ട ഒരാള്‍ക്ക് ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നതായിരുന്നു അതിന്‍റെ ആശയം. പിന്നീട് ഒരാള്‍ സഹായാഭ്യര്‍ഥനയുമായി ഇയാളെ തേടിയെത്തുന്നു. ചില മാനിപ്പുലേഷനൊക്കെ നടക്കുന്നു. നര്‍മ്മമുള്ള, ഒരു ഫണ്‍ ചിത്രമായി ചെയ്യാനായിരുന്നു ആ​ഗ്രഹം. പക്ഷേ സൂര്യ സാറിന്‍റെ ഭാ​ഗത്തുനിന്നുവന്ന അഭിപ്രായം ഇതൊരു മാസ് ചിത്രമായി ചെയ്യണം എന്നതായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കണമെന്നും. മങ്കാത്ത സംവിധായകന്‍റെ ചിത്രമായതിനാല്‍ വലിയ കാന്‍വാസില്‍ ചെയ്യണമെന്നും. അതിനാല്‍ ചിത്രത്തിലെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മാറ്റി. വാണിജ്യ ഘടകങ്ങളൊക്കെ പലതും കൊണ്ടുവന്നു”, വെങ്കട് പ്രഭു പറയുന്നു.

തമിഴിലും തെലുങ്കിലുമായി 2023 ല്‍ ഒരുക്കിയ കസ്റ്റഡി എന്ന ചിത്രത്തിലും ഇത് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. “നാഗ ചൈതന്യയായിരുന്നു ഈ ചിത്രത്തിലെ നായകന്‍- ജാതിയില്‍ താണ ഒരു യുവ പൊലീസ് ഉദ്യോ​ഗസ്ഥന്‍റെ കഥയാണ് കസ്റ്റഡി എന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചത്. ഒരു വലിയ കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള അവസരം ഒരിക്കല്‍ അയാള്‍ക്ക് ലഭിക്കുന്നു. തങ്ങള്‍ രണ്ടാളും ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്ന് പിന്നീട് ഈ പൊലീസുകാരന്‍ തിരിച്ചറിയും. ഇത് അയാളെ സ്വാധീനിക്കുമോ എന്നതായിരുന്നു ഈ സിനിമയുടെ ആദ്യ ആശയം. എന്നാല്‍ തെലുങ്ക് സിനിമയായി ചെയ്യുന്നതിനാല്‍ ജാതിയുടെ വിഷയം അവിടെ കണക്റ്റ് ആവുമോ എന്ന സംശയം അവര്‍ പറഞ്ഞു,  വാണിജ്യ സിനിമയുടെ ഫ്രെയ്മിലാണ് ചിത്രം നില്‍ക്കേണ്ടതെന്നും. തെലുങ്ക് അഭിരുചി എന്നത് എനിക്ക് അറിയാത്ത കാര്യമാണ്. തമിഴില്‍ മാത്രം ചെയ്യേണ്ട സിനിമ ആയിരുന്നെങ്കില്‍ ഇങ്ങനെ തന്നെ ഞാന്‍ ചെയ്തേനെ. അത് ഒരു തെലുങ്ക് സിനിമയായും തമിഴ് സിനിമയായും മാറാതിരുന്നതിന്‍റെ കാരണം അതൊക്കെയാണ്”, വെങ്കട് പ്രഭു പറയുന്നു. 

ചെന്നൈ 28, മങ്കാത്ത, മാനാട് ഈ സിനിമകളിലൊന്നും അത്തരം മാറ്റങ്ങള്‍ തനിക്ക് കൊണ്ടുവരേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. “ഞാന്‍ എന്ത് ചിന്തിച്ചോ അതാണ് ഞാന്‍ ചെയ്തത്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഇന്‍ഡസ്ട്രിയില്‍ നിന്നുമൊക്കെയുള്ള നിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതും കാമ്പുള്ളതാക്കാന്‍ ശ്രമിക്കാറുണ്ട് ഞാന്‍. പക്ഷേ അത് ചില സിനിമകളില്‍ വര്‍ക്ക് ആവില്ല. ഒരു വിഷയം ചെയ്യാന്‍ തുടങ്ങി മറ്റ് സ്വാധീനങ്ങളാല്‍ അതില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അതിന്‍റെ ജീവന്‍ പോകുമെന്നാണ് ഞാന്‍ കരുതുന്നത്.” 

വരാനിരിക്കുന്ന വിജയ് ചിത്രം ഗോട്ടും തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനായെന്നും വെങ്കട് പ്രഭു പറയുന്നു- ​”ഗോട്ട് എന്ന സിനിമ എന്‍റെ ആശയം തന്നെയാണ്. നിര്‍മ്മാതാക്കളോടും വിജയ് സാറിനോടും ഞാന്‍ ആദ്യം പറഞ്ഞ കഥ തന്നെയാണ് സിനിമയായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒരു മാറ്റവും വരുത്താന്‍ വിജയ് സാര്‍ ആവശ്യപ്പെട്ടില്ല, നിര്‍മ്മാതാക്കളുടെ ഭാ​ഗത്തുനിന്നും അങ്ങനെ തന്നെ. ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് എന്‍റെ ഐഡിയ അതേരീതിയില്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റുമ്പോഴാണ് പ്രശ്നം വരുന്നത്”, വെങ്കട് പ്രഭു പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : കളര്‍ഫുള്‍ സോംഗുമായി ‘ബാഡ് ബോയ്‍സ്’; ഒമര്‍ ലുലു ചിത്രത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin