അമിതാഭ് ബച്ചന്‍റെ കൊച്ചുമോള്‍ക്ക് ഐഐഎം പ്രവേശം: കൈയ്യടിച്ച് ബോളിവുഡ്

ദില്ലി: അമിതാഭ് ബച്ചന്‍റെയും ജയാ ബച്ചന്‍റെയും ചെറുമകൾ നവ്യ നവേലി നന്ദ  അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ (ഐഐഎം) ചേർന്നു. നവ്യ തന്നെയാണ് ഇന്ത്യയിലെ തന്നെ പ്രശസ്ത മാനേജ്മെന്‍റ് പഠന സ്ഥാപനത്തിൽ നിന്നുള്ള ചിത്രങ്ങള്‍  ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഇതോടെ നവ്യയുടെ ഐഐഎം പ്രവേശന വാർത്ത ബോളിവുഡ് മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ ആരംഭിച്ചു.

 “സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകും. അടുത്ത 2 വർഷം… മികച്ച ആളുകളും അദ്ധ്യാപകരും. 2026-ലെ ബ്ലെൻഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ക്ലാസ്” എന്നാണ്  നവ്യ നവേലി നന്ദ അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. മനോഹരമായ ക്യാമ്പസിന്‍റെയും സഹപാഠികളുടെയും ഫോട്ടോകളും നവ്യ നവേലി നന്ദ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കാറ്റ് ഐഎടി പ്രവേശന പരീക്ഷകളിൽ വിജയിക്കാൻ സഹായിച്ചതിന് അധ്യാപകരുടെ മാർഗനിർദേശങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്  ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കേക്ക് മുറിക്കുന്നതിന്‍റെ ചിത്രവും നവ്യ പങ്കിട്ടു. 

ഈ വർഷം ആദ്യമാണ് ഐഐഎമ്മില്‍ ബ്ലെൻഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. ക്യാമ്പസ് സെഷനുകളും ലൈവ് ഇന്‍ററാക്ടീവ് ഓൺലൈൻ ക്ലാസുകളും സമന്വയിപ്പിക്കുന്ന ഒരു ഹൈബ്രിഡ് കോഴ്സാണ്. കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പ്രോഗ്രാം, ജോലി ചെയ്യുന്ന വ്യക്തികളെയും സംരംഭകരെയും അവരുടെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങളും അക്കാദമിക് ജോലികളും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ഐഐഎം പറയുന്നത്.

നവ്യ ഇൻസ്റ്റാഗ്രാമിൽ വാർത്ത പങ്കുവച്ചയുടൻ, അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കമന്‍റ് സെക്ഷനിൽ അഭിനന്ദന സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നവ്യയുടെ അമ്മ ശ്വേത ബച്ചൻ പ്രതികരിച്ചു വളരെ അഭിമാനിക്കുന്നു എന്നാണ് എഴുതിയത്. അവളുടെ സുഹൃത്തുക്കളായ സുഹാന ഖാൻ, അനന്യ പാണ്ഡെ, ഷാനയ കപൂർ എന്നിവർ ഇമോജികളിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. സംവിധായിക സോയ അക്തർ, അഭിനേതാക്കളായ കരിഷ്മ കപൂർ, സൊനാലി ബേന്ദ്ര എന്നിവരും നവ്യയ്ക്ക് ആശംസകൾ നേർന്നു.

നവ്യ തന്‍റെ മുത്തശ്ശി ജയ ബച്ചനും അമ്മ ശ്വേതയ്ക്കുമൊപ്പം വാട്ട് ദ ഹെൽ നവ്യ എന്ന പോഡ്‌കാസ്റ്റ് ഹോസ്റ്റ് ചെയ്തിട്ടുണ്ട്. എപ്പിസോഡുകളിൽ അവർ ഫെമിനിസത്തെക്കുറിച്ചും സമൂഹത്തിലെ സ്ത്രീകളുടെ റോളുകളെക്കുറിച്ചും ചർച്ച ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ജൂണിൽ നടന്ന ഒരു പരിപാടിയിൽ കുടുംബത്തിന് ബോളിവുഡുമായി ശക്തമായ ബന്ധമുണ്ടെങ്കിലും സിനിമാ മേഖലയിൽ ചേരാൻ നവ്യയ്ക്ക് ആഗ്രഹമില്ലെന്ന് അമ്മ ശ്വേത വ്യക്തമാക്കിയിരുന്നു. 

ബാലകൃഷ്ണയുടെ സിനിമാജീവിതത്തിന് 50 വയസ്സ്: ചിരഞ്ജീവിയുടെ പ്രഖ്യാപനം!

ഡബ്ല്യുസിസി ഒരു പെണ്ണിന്‍റെ കണ്ണീരൊപ്പിയോ?, പവര്‍ ഗ്രൂപ്പില്ല, ഉണ്ടെങ്കില്‍; പൊന്നമ്മ ബാബു തുറന്ന് പറയുന്നു

By admin