കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. രോഗികള്‍ക്ക് തെരുവില്‍ ചികിത്സ നല്‍കുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്തയിലെ ആറ് കേന്ദ്രങ്ങളിലാണ് അഭയ ക്ലിനിക്ക് എന്ന പേരില്‍ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുഴുവന്‍ ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. നാളെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ റാലിക്കും ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്തു.
കൃത്യം നടന്ന് ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനും ആശുപത്രി ജീവനക്കാര്‍ക്കും നുണ പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില്‍ സിബിഐക്ക് കൂടുതല്‍ വ്യക്തത ഇല്ല. അതിനിടെ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്.
ഓഗസ്റ്റ് ഒമ്പതിനാണ് ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിര്‍ദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *