കൊട്ടാരക്കര: വെട്ടിക്കവല ഗിരദീപത്തിൽ (ഉമ്മന്നൂർ ചെപ്ര കാവുങ്കൽ പുത്തൻവീട്) ഗിരീഷ് പിള്ള (48) മഹാരാഷ്ട്രയിൽ കൊലചെയ്യപ്പെട്ടെന്ന വാർത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും. അതേസമയം ഓണത്തിനു നാട്ടിലെത്താനായി 12-ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗിരീഷ് പിള്ള കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ബന്ധുക്കൾക്കു ലഭിക്കുന്നത്.
മഹാരാഷ്ട്രയിലെ കോലാപൂർ ഹുപ്രിയിൽ മുപ്പതുവർഷമായി ടയറുകട നടത്തുകയായിരുന്നു ഗിരീഷ് പിള്ള. എന്നാൽ, ഒരുവർഷംമുൻപാണ് ഭാര്യ ദീപാകുമാരിയെയും മകൻ പ്രണവിനെയും നാട്ടിലേക്കയച്ചത്. അതുപോലെ മഹാരാഷ്ട്രയിലെ ജോലി മതിയാക്കി നാട്ടിൽ ടയറുകട തുടങ്ങുന്നതിനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. എന്നാൽ ദിവസവും രാത്രിയിൽ ഭക്ഷണത്തിനുമുൻപ് വീട്ടിലേക്ക് വിളിക്കാറുള്ള ഗിരീഷ് വ്യാഴാഴ്ച വിളിച്ചിരുന്നില്ല. ദീപ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തതുമില്ല.