ഇന്ത്യ 3-1ന് ജയിക്കും, ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പയുടെ ഫലം പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം

മുംബൈ: നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1ന് ജയിക്കുമെന്ന് പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ ഓസ്ട്രേലിയയുടെ ഓപ്പണിംഗ് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങുമെന്നും ഇത് ഇന്ത്യ മുതലെടുക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ മാനസികാധിപത്യം നേടാനായി ഇന്ത്യൻ കളിക്കാര്‍ നേരിട്ട് രംഗത്തുവരാത്തതിനെ ഗവാസ്കര്‍ വിമര്‍ശിച്ചു. ഇന്ത്യക്കെതിരായ പരമ്പരക്ക് ഏറെ മുമ്പ് തന്നെ ഓസ്ട്രേലിയന്‍ മുന്‍ താരങ്ങള്‍ വാക് പോര് തുടങ്ങി മാനസികാധിപത്യം നേടാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയ പരമ്പര തൂത്തുവാരുമെന്നൊന്നും അവര്‍ പറയുന്നില്ലെന്ന് മാത്രം. എന്നാല്‍ ഇന്ത്യൻ നിരയില്‍ നിന്നാരും അത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് അതിന് പറ്റി ആൾ ആർ അശ്വിനാണെന്നാണ്. സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുളള തന്ത്രം തയാറാണെന്ന് അശ്വിന്‍ പറഞ്ഞാല്‍ അത് ഓസ്ട്രേലിയയുടെ ചങ്കിടിപ്പേറ്റും.

16-ാം വയസില്‍ അനാഥനായി പിന്നാലെ കുടുംബനാഥനും; ആരാണ് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ മൊഹമ്മദ് അമാന്‍

ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരമില്ലാത്തത് ഇന്ത്യയുടെ തയാറെടുപ്പുകളെ ബാധിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ഏഷ്യക്ക് പുറത്തുള്ള ടെസ്റ്റ് പരമ്പരകളില്‍ എപ്പോഴും ആദ്യ ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്കെതിരെ പരിശീലന മത്സരമില്ലാതെ പരമ്പരക്കിറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് യശസ്വി ജയ്സ്വാളിനെപ്പോലെ പരിചയസമ്പന്നരല്ലാത്ത താരങ്ങള്‍ ഇന്ത്യൻ ടീമിലുള്ളപ്പോള്‍.

സ്പാനിഷ് ലീഗില്‍ ഗോളടിമേളവുമായി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയല്‍ ഇന്നിറങ്ങും

എന്നാല്‍ നിലവിലെ തിരക്കേറിയ ക്രിക്കറ്റ് കലണ്ടര്‍ അനുസരിച്ച് പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി. ഇതൊക്കെയാണെങ്കിലും ഇന്ത്യ 3-1ന് പരമ്പര ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. നവംബറിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 1991നു് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin