അമരാവതി: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. വിജയവാഡയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേര്‍ മരിച്ചത്. മഴ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
മഴബാധിത മേഖലകളില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മഴക്കെടുതികളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി മുതല്‍ ആന്ധ്രാപ്രദേശിന്‍റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്‌ച രാവിലെ എട്ടരവരെ വിജവാഡയില്‍ മാത്രം പതിനെട്ട് സെന്‍റിമീറ്റര്‍ മഴ പെയ്‌തു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളും അതീവജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കരകവിഞ്ഞൊഴുകുന്ന നദീതീരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ദുരിതമേഖലകളിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെയും മുന്നറിയിപ്പുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *