കൊച്ചി: വുമണ്‍ ഇന്‍ സിനിമ കലക്ടീവിനെ സല്യൂട്ട് ചെയ്യുന്നുവെന്നും അവരുടെ പോരാട്ടത്തെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുണ്ടായതെന്നും നടന്‍ പ്രേംകുമാര്‍. ആക്രമണത്തിന് ഇരയായ നടി പോരാടി മുന്നോട്ട് വന്നത് കൊണ്ടാണ് ഒരു ക്രിമിനല്‍ ജയിലില്‍ കിടക്കുന്നതെന്നും പ്രേംകുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
‘നടി ആക്രമിക്കപ്പെട്ട കേസിലെ ഡബ്ല്യുസിസിയുടെ പോരാട്ടത്തെ സല്യൂട്ട് ചെയ്യുന്നു. അവര്‍ അത്രയും ശക്തമായി നിന്നത് കൊണ്ടും, ആക്രമിക്കപ്പെട്ട സഹോദരി വലിയ പോരാട്ടം നടത്തി മുന്നോട്ട് വന്നത് കൊണ്ടുമാണ് ഒരു വലിയ ക്രിമിനല്‍ ജയിലില്‍ കിടക്കുന്നത്. ആ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുന്നത്. അങ്ങനൊരു പോരാട്ടത്തിന് സജ്ജരാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാധിച്ചു. അതേതുടര്‍ന്നാണ് ഹേമ കമ്മറ്റി ഉണ്ടാകുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും,’ അദ്ദേഹം പറഞ്ഞു.
സിനിമയുടെ ചെറിയൊരു പരിപ്രേഷ്യത്തില്‍ ഒതുക്കി നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും അപമാനിക്കപ്പെട്ട സത്രീകള്‍ ഇരുണ്ട മൂലകളില്‍ ഒളിച്ചിരിക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഭിസംബോധന ചെയ്യുന്നത് സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണെന്ന് പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘ഏത് മേഖലയിലും പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന, അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടായി ഇത് മാറുകയാണ്. സ്ത്രീകളുടെ വലിയ നവോത്ഥാനമായി മാറുകയാണ് ഈ റിപ്പോര്‍ട്ട്,’ അദ്ദേഹം വ്യക്തമാക്കി.
സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ബംഗാളി നടിയുടെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് രഞ്ജിത്ത് സംശയിക്കുന്നു. അദ്ദേഹം വളരെ ആത്മാര്‍ത്ഥമായാണ് എന്നോട് അത് പറഞ്ഞത്. അതിന്റെ സത്യ അസത്യങ്ങളിലേക്കോ വസ്തുതകളിലേക്കോ ഞാന്‍ കടക്കുന്നില്ല. അത് അന്വേഷണത്തിലൂടെ തെളിയിക്കണം,’ പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *